സഖ്യമര്യാദ വെച്ച് ഒരു സീറ്റ്, അതിന് പോലും അർഹതയില്ല; കോണ്‍ഗ്രസിനോട് ആപ്പ്

യോഗ്യത പരിശോധിച്ചാല്‍ തലസ്ഥാനത്ത് ഒരു സീറ്റിന് പോലും കോണ്‍ഗ്രസ് അര്‍ഹരല്ലെന്നും ആം ആദ്മി നേതൃത്വം വ്യക്തമാക്കി
സഖ്യമര്യാദ വെച്ച് ഒരു സീറ്റ്, അതിന് പോലും അർഹതയില്ല; കോണ്‍ഗ്രസിനോട് ആപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി ഒരുമിച്ച് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് ആംആദ്മിപാര്‍ട്ടി. പഞ്ചാബില്‍ മുഴുവന്‍ സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നീക്കം. അതേസമയം യോഗ്യത പരിശോധിച്ചാല്‍ തലസ്ഥാനത്ത് ഒരു സീറ്റിന് പോലും കോണ്‍ഗ്രസ് അര്‍ഹരല്ലെന്നും ആം ആദ്മി നേതൃത്വം വ്യക്തമാക്കി.

ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസിന് ഒരു സീറ്റാണ് ആപ്പ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ബാക്കി സീറ്റുകളില്‍ ആപ്പ് മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി എംപി സന്ദീപ് പതക് പറഞ്ഞു. യോഗ്യത പരിശോധിച്ചാല്‍ ഒറ്റ സീറ്റ് പോലും രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് അര്‍ഹിക്കുന്നില്ല. സഖ്യ മര്യാദ കണക്കിലെടുത്താണ് ഒരു സീറ്റ് വാഗ്ദാനം ചെയ്യുകയാണ്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് ഒരു സീറ്റിലും ഞങ്ങള്‍ ആറ് സീറ്റിലും മത്സരിക്കും. സന്ദീപ് പതക് പറഞ്ഞു.

ഡല്‍ഹി നിയമസഭയിലും ലോക്‌സഭയിലും കോണ്‍ഗ്രസിന് പൂജ്യം സീറ്റാണ്. 2022 എംസിഡി തിരഞ്ഞെടുപ്പില്‍ 250 വാര്‍ഡില്‍ ഒമ്പത് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. കണക്ക് പരിശോധിക്കുമ്പോള്‍ ഡല്‍ഹിയില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസ് അര്‍ഹിക്കുന്നില്ല. എന്നാല്‍ കണക്കുകള്‍ക്ക് മാത്രമല്ല മുന്‍ഗണന. സഖ്യ മര്യാദയും ബഹുമാനവും കണക്കിലെടുത്താണ് ഞങ്ങള്‍ ഒരു സീറ്റ് നല്‍കാന്‍ തീരുമാനിച്ചത്. സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിച്ചു. അടുത്തയാഴ്ച്ചയില്‍ തന്നെ ആറ് സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കുമെന്നും സന്ദീപ് പതക് കൂട്ടിച്ചേര്‍ത്തു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ബിജെപിയാണ് വിജയിച്ചത്. അന്ന് കോണ്‍ഗ്രസ് 22 ശതമാനം വോട്ട് സുരക്ഷിതമാക്കിയപ്പോള്‍ ആപ്പ് മൂന്നാം സ്ഥാനത്ത് ഒതുങ്ങുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com