എന്‍ഡിഎക്ക് 400 സീറ്റെന്ന അവകാശവാദം; ഇന്‍ഡ്യ മുന്നണിയെ ഭയന്നുള്ള വാചകമടിയെന്ന് സച്ചിന്‍ പൈലറ്റ്

തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനം പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
എന്‍ഡിഎക്ക് 400 സീറ്റെന്ന അവകാശവാദം; ഇന്‍ഡ്യ മുന്നണിയെ ഭയന്നുള്ള വാചകമടിയെന്ന് സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: ഇന്‍ഡ്യ മുന്നണിയിലെ ചില കക്ഷികള്‍ മുന്നണി വിട്ട് പോകവേ വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം സച്ചിന്‍ പൈലറ്റ്. പ്രതിപക്ഷ സഖ്യം ശക്തമാണെന്നും മുന്നണിയുടെ ശക്തിയെ കുറിച്ച് ഭയക്കുന്ന ബിജെപി കൃത്രിമമായ അന്തരീക്ഷം രൂപപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ അവസ്ഥയെ പരിഗണിക്കാതെ ഇല്ലാത്ത ഒരു അന്തരീക്ഷമുണ്ടെന്ന് വരുത്തി തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ബിജെപി തങ്ങള്‍ക്ക് ഒറ്റക്ക് 370 സീറ്റും എന്‍ഡിഎക്ക് 400 സീറ്റും ലഭിക്കുമെന്ന് പറയുന്നത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി ഇന്‍ഡ്യ മുന്നണിയുടെ പ്രധാന ഭാഗമാണ്. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനം പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബാധിക്കുന്നുവെന്ന ആരോപണങ്ങളെ സച്ചിന്‍ പൈലറ്റ് തള്ളി. ഘടകക്ഷികളുമായ ചര്‍ച്ചകള്‍ ഒരേ സമയം തന്നെ നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'വിവിധ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ ഭൂരിപക്ഷം കക്ഷികളുമായും ഞങ്ങള്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി കഴിഞ്ഞു. അത് കൊണ്ട് തന്നെ ആ ചോദ്യത്തിന് പ്രസക്തിയില്ല. യാത്ര നടക്കുന്നുണ്ട്. പക്ഷെ മറ്റെല്ലാ കാര്യങ്ങളും നോക്കുന്നത് എഐസിസി നേതൃത്വവും സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമുള്ള നേതാക്കളുമാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ തന്നെ എല്ലാ യോഗങ്ങളെയും നിരീക്ഷിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.', സച്ചിന്‍ പൈലറ്റ് പറഞ്ഞു.

2019ല്‍ ഇന്‍ഡ്യ മുന്നണിക്ക് 60ശതമാനത്തിലധികം വോട്ടും എന്‍ഡിഎക്ക് 35 ശതമാനം വോട്ടുമാണ്. അത് കൊണ്ട് കേന്ദ്ര ഏജന്‍സികള്‍, വ്യാജ വിവരങ്ങള്‍, സമ്മര്‍ദ്ദം എന്നിവ ഉപയോഗിച്ച് ഇന്‍ഡ്യ മുന്നണി ഒരുമിച്ച് പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com