പാർലമെന്റിൽ ഇന്ന് ചർച്ച രാമക്ഷേത്ര നിർമ്മാണം; പ്രധാനമന്ത്രി സംസാരിക്കും

ശിവസേന ഷിൻഡെ വിഭാഗം നേതാവ് ശ്രീകാന്ത് ഷിൻഡെ ചർച്ചയ്ക്ക് നോട്ടീസ് നൽകി
പാർലമെന്റിൽ ഇന്ന് ചർച്ച രാമക്ഷേത്ര നിർമ്മാണം; പ്രധാനമന്ത്രി സംസാരിക്കും

ഡൽഹി: രാമക്ഷേത്ര നിർമ്മാണം ഇന്ന് പാർലമെന്റ് ചർച്ച ചെയ്യും. ഹാജരാകാൻ കാണിച്ച് എംപിമാർക്ക് ബിജെപി വിപ്പ് നൽകി. ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കാനിരിക്കെയാണ് പാർലമെന്റിൽ രാമക്ഷേത്രം ചർച്ചയാകുന്നത്. ശിവസേന ഷിൻഡെ വിഭാഗം നേതാവ് ശ്രീകാന്ത് ഷിൻഡെ ചർച്ചയ്ക്ക് നോട്ടീസ് നൽകി.

ചട്ടം 193 പ്രകാരമാണ് ലോക്സഭയിൽ ചർച്ച നടത്തുക. ലോക്സഭയിൽ ചോദ്യോത്തര വേള ഇന്ന് ഉണ്ടാകില്ല. ബിജെപിയുടെ മുതിർന്ന നേതാവ് സത്യപാൽ സിംഗ് ലോക്സഭയിൽ ചർച്ചയ്ക്ക് തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ സംസാരിക്കും. ബിജെപിയുടെ പ്രധാന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം രാമക്ഷേത്രമാണ്.

പ്രതിപക്ഷം രാമക്ഷേത്രത്തിൽ സ്വീകരിച്ച നിലപാട്, മുൻ കോൺഗ്രസ് സർക്കാരുകൾ കൈക്കൊണ്ട നടപടികൾ, കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ എല്ലാം ഭരണപക്ഷം ചർച്ചയിൽ ഉയർത്തും. പ്രതിപക്ഷം സഭയിൽ ഇന്നും രൂക്ഷവിമർശനം നേരിടേണ്ടി വരാനാണ് സാധ്യത. അതിരുവിട്ട വിമർശനങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയരും. കഴിഞ്ഞ മാസം 31 ന് ആരംഭിച്ച ബജറ്റ് സമ്മേളനം ഇന്നലെ വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സർക്കാർ ഇന്ന് വരെ സമ്മേളനം നീട്ടുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com