'മതത്തിന്റെ പേരിൽ എത്രനാൾ ഭിന്നിപ്പിക്കും, ഞങ്ങൾ ശത്രുക്കളല്ല'; ആഞ്ഞടിച്ച് ഫാറൂഖ് അബ്ദുള്ള

'മതത്തിന്റെ പേരിൽ എത്രനാൾ ഭിന്നിപ്പിക്കും, ഞങ്ങൾ ശത്രുക്കളല്ല'; ആഞ്ഞടിച്ച് ഫാറൂഖ് അബ്ദുള്ള

തെരഞ്ഞെടുപ്പിൽ ലക്ഷ്യത്തിനായി ഒന്നിക്കാമെന്ന് ആഹ്വാനം. ഒരുമിക്കണം എന്ന് ആവ‍ർത്തിച്ച് പറഞ്ഞുകൊണ്ടാണ് ഫാറൂഖ് അബ്ദുള്ള പ്രസം​ഗം അവസാനിപ്പിച്ചത്

ഡൽഹി: കേരളത്തിന്റെ ഡൽഹി പ്രതിഷേധത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് നാഷണൽ കോൺ​ഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. സംസ്ഥാനങ്ങൾ ശക്തിപ്പെടാതെ രാജ്യം ശക്തിപ്പെടില്ല. സംസ്ഥാനങ്ങൾ പിന്നിലായാൽ രാജ്യം കരുത്ത് നേടില്ല. ഇന്ത്യയെ കരുത്തരാക്കണമെങ്കിൽ പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുത്. രാജ്യം ശക്തിപ്പെടണമെന്നാണ് ‍ഞങ്ങളുടെ ആ​ഗ്രഹം. എത്രനാൾ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുമെന്നും ഫറൂഖ് അബ്ദുള്ള ചോദിച്ചു.

നാനാത്വത്തിന്റെ സൗന്ദര്യം ഓ‍ർമ്മിപ്പിച്ചായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ പ്രസം​ഗം. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വൈവിധ്യങ്ങളാണ് രാജ്യത്തെ സുന്ദരമാക്കുന്നത്. പ്രതിപക്ഷം ഒറ്റകെട്ടായി പോരാടണം.ഒരുമിച്ച് നിന്നില്ലെങ്കിൽ മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന തിരിച്ചറിവാണ് നമ്മളെ ഒരുമിപ്പിക്കുന്നത്. പാർലമെന്റിലെ ചർച്ചകൾ രാജ്യത്തിന് ഗുണകരമാകും. ചർച്ചകൾ നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഫെഡറലിസത്തെ പിന്തുണച്ചു. എന്നാൽ അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ സീസൺ മാറുന്നതുപോലെ നയം മാറി. ഒരു പാ‍ർട്ടി എന്ന നിലയിലേക്കാണ് രാജ്യം മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനോട് കേന്ദ്രത്തിന് വിവേചനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീർ ഇന്ത്യയിലല്ലേ എന്ന് ചോദിച്ച ഫറൂഖ് അബ്ദുള്ള, 370 റദ്ദാക്കിയിട്ടും രണ്ട് ജീവനുകൾ നഷ്ടപ്പെട്ടുവെന്നും ഭരണഘടനാ അവകാശങ്ങൾ ജമ്മു കശ്മീരിൽ നിഷേധിച്ചുവെന്നും ആരോപിച്ചു. അവകാശങ്ങൾ എത്രനാൾ നിഷേധിക്കാനാകുമെന്നും ഫറൂഖ് അബ്ദുള്ള ചോദിച്ചു.

ഞങ്ങൾ രാജ്യത്തിന്റെ ശത്രുക്കളല്ല, ഞങ്ങൾ രാജ്യത്തിന്റെ സുഹൃത്തുക്കളാണ്. രാജ്യത്തിന്റെ വളർച്ച ആഗ്രഹിക്കുന്നവരാണ്. ഞാൻ ഒരു മുസ്ലിമാണ്, ഇന്ത്യൻ മുസ്ലിമാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാ മതസ്ഥരും സൗഹാർദ്ദത്തോടെ ഇരിക്കണം - എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ലക്ഷ്യത്തിനായി ഒന്നിക്കാമെന്ന് ആഹ്വാനം ചെയ്ത അ​ദ്ദേഹം 'ഒരുമിക്കണം, ഒരുമിക്കണം, ഒരുമിക്കണം, ഒരുമിക്കണം' എന്ന് ആവ‍ർത്തിച്ച് പറഞ്ഞുകൊണ്ടാണ് തൻ്റെ പ്രസം​ഗം അവസാനിപ്പിച്ചത്.

'മതത്തിന്റെ പേരിൽ എത്രനാൾ ഭിന്നിപ്പിക്കും, ഞങ്ങൾ ശത്രുക്കളല്ല'; ആഞ്ഞടിച്ച് ഫാറൂഖ് അബ്ദുള്ള
'ചരിത്ര സമരം'; രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമെന്ന് മുഖ്യമന്ത്രി
logo
Reporter Live
www.reporterlive.com