നന്ദിപ്രമേയ ചർച്ച; കോൺഗ്രസിനെയും ഖർഗെയെയും പരിഹസിച്ച് പ്രധാനമന്ത്രിയുടെ മറുപടി

കോൺഗ്രസ് ജനാധിപത്യത്തെ തകർത്തു. ഭരണഘടന മൂല്യങ്ങളെ തടവിലാക്കി
നന്ദിപ്രമേയ ചർച്ച; കോൺഗ്രസിനെയും ഖർഗെയെയും പരിഹസിച്ച് പ്രധാനമന്ത്രിയുടെ മറുപടി

ന്യൂഡൽഹി: നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ കാലഹരണപ്പെട്ട പാർട്ടിയെന്നാണ് മോദി വിശേഷിപ്പിച്ചത്. കോൺഗ്രസ് ജനാധിപത്യത്തെ തകർത്തുവെന്നും ഭരണഘടന മൂല്യങ്ങളെ തടവിലാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യം ലഭിച്ചത് മുതൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. ശത്രുക്കൾ ഇന്ത്യൻ മണ്ണ് കോൺഗ്രസിന് കൈമാറി. കോൺഗ്രസിന്റെത് ജനാധിപത്യത്തിലെ കറുത്ത ചരിത്രം. സ്വന്തം കുടുംബത്തിൽ ഉള്ളവർക്ക് ഭാരത രത്ന നൽകാനാണ് കോൺഗ്രസ് ശ്രമിച്ചത്. പാവങ്ങളേയും ഒബിസി വിഭാഗത്തേയും കോൺഗ്രസ് അവഗണിച്ചു. ഇന്ത്യയെ വടക്ക്-തെക്ക് എന്ന് ഭിന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചു. ബ്രിട്ടീഷുകാർ പോയിട്ടും അടിമത്ത മന:സ്ഥിതി കോൺഗ്രസ് നിലനിർത്തിയെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

10 വർഷത്തെ യുപിഎ ഭരണം രാജ്യത്തെ ദുർബലമാക്കി. യുപിഎ സർക്കാരിന്റെ കീഴിൽ സമ്പദ്‌വ്യവസ്ഥ തകർന്നുവെന്ന് മൻമോഹൻ സിംഗ് തന്നെ സമ്മതിച്ചു. രാജ്യത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുവാൻ 10 വർഷത്തെ ഭരണം കൊണ്ട് ബിജെപിക്ക് സാധിച്ചുവെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെക്കെതിരെ പ്രധാനമന്ത്രി പരിഹാസ ശരങ്ങൾ തൊടുത്തു. പാർലമെൻ്റിൽ ഇനി അവസരം കിട്ടില്ലെന്ന രീതിയിലാണ് ഖർഗെ സംസാരിക്കുന്നത്. സ്പെഷ്യൽ കമാൻഡർ പാർലമെൻ്റിൽ എത്താത്തതിനാലാണ് ഖർഗെയ്ക്ക് അവസരം കിട്ടുന്നതെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയെയും പ്രധാനമന്ത്രി പരോക്ഷമായി പരിഹസിച്ചു. ഖർഗയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ അന്ന് പാർലമെന്റിൽ ഇല്ലായിരുന്നു. അതാണ് അദ്ദേഹം അന്ന് ഒരുപാട് സംസാരിച്ചതെന്നും മോദി പരിഹാസിച്ചു. തനിക്ക് 400 സീറ്റുകൾ ലഭിക്കുമെന്ന് ഖർഗെ അനുഗ്രഹിച്ചു എന്നാൽ കോൺഗ്രസ് 40 സീറ്റുകൾക്കപ്പുറം കടക്കില്ലെന്നും മോദി പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞു. കോൺഗ്രസിനോട് സഹതാപമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും നന്ദിപ്രമേയ പ്രസംഗത്തിൽ മോദി വിമർശിച്ചു. തൊഴിലിൽ സംവരണത്തിന് നെഹ്‌റു എതിരായിരുന്നു. സംവരണം ഇന്ത്യയെ ദുർബലമാക്കുമെന്ന് നെഹ്റു പറഞ്ഞു. കോൺഗ്രസിന് നയത്തിലും നേതാവിലും ഗ്യാരൻ്റിയില്ലെന്നും മോദി കുറ്റപ്പെടുത്തി. സോണിയാ ഗാന്ധിയെയും പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു. വിദേശ ഉൽപ്പന്നത്തെ അഭിമാന ചിഹ്നമായി അവതരിപ്പിച്ചുവെന്ന് പരിഹസിച്ച മോദി സ്വന്തം സംസ്കാരത്തെ കോൺഗ്രസ് പരിഹസിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു. കോൺഗ്രസ് പാവപ്പെട്ടവർക്കും ആദിവാസികൾക്കും പിന്നോക്കകാർക്കും എതിരാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഇന്ത്യയുടെ 75 ആം റിപ്പബ്ലിക് ദിനം ഒരു നാഴികക്കല്ലാണെന്ന് വ്യക്തമാക്കിയ മോദി വികസിത ഭാരതമെന്ന ഗ്യാരൻ്റി ആവർത്തിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ തെളിഞ്ഞത് രാജ്യത്തിൻ്റെ ആത്മവിശ്വാസമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com