അവസരവാദ രാഷ്ട്രീയക്കാർക്ക് എപ്പോഴും ഭരണപക്ഷത്തിനൊപ്പം നിൽക്കണം, ഇത് ജനാധിപത്യത്തിന് നല്ലതല്ല: ഗഡ്കരി

'ഏത് പാ‍ർട്ടിയുടെ സർ‌ക്കാർ ഭരിച്ചാലും, നന്നായി ജോലി ചെയ്യുന്നവർക്ക് ഒരിക്കലും പരിഗണന ലഭിക്കുന്നില്ല. മാത്രമല്ല, മോശമായി ജോലി ചെയ്യുന്നവ‍ർ ശിക്ഷിക്കപ്പെടുന്നുമില്ല'
അവസരവാദ രാഷ്ട്രീയക്കാർക്ക് എപ്പോഴും ഭരണപക്ഷത്തിനൊപ്പം നിൽക്കണം, ഇത് ജനാധിപത്യത്തിന് നല്ലതല്ല: ഗഡ്കരി

മുംബൈ: ഭരണപക്ഷത്തിനൊപ്പം നിൽക്കാൻ ചില അവസരവാദ രാഷ്ട്രീയ പ്രവർത്തകർ ശ്രമിക്കുന്നതിൽ ആശങ്കയറിയിച്ച് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. ഇത്തരത്തിലുള്ള പ്രത്യയശാസ്ത്ര അപചയം ജനാധിപത്യത്തിന് നല്ലതല്ലെന്ന് നിതിൻ ​ഗഡ്കരി പറഞ്ഞു. പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്ന ചില രാഷ്ട്രീയ പ്രവർത്തകരുണ്ട്. എന്നാൽ അവരുടെ എണ്ണം ​പതിയെ കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു ​ഗഡ്കരിയുടെ വാക്കുകൾ.

'ഞാൻ തമാശയായി പറയാറുണ്ട്, ഏത് പാ‍ർട്ടിയുടെ സർ‌ക്കാർ ഭരിച്ചാലും, നന്നായി ജോലി ചെയ്യുന്നവർക്ക് ഒരിക്കലും പരിഗണന ലഭിക്കുന്നില്ല. മാത്രമല്ല, മോശമായി ജോലി ചെയ്യുന്നവ‍ർ ശിക്ഷിക്കപ്പെടുന്നുമില്ല' - നിതിൻ ​ഗഡ്കരി പറഞ്ഞു. മുംബൈയിൽ മികച്ച് പാർലമെന്ററി നേതാക്കൾക്കുള്ള പുരസ്കാര ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

'സംവാദങ്ങളിൽ വ്യത്യസ്ഥ നിലപാടുകളല്ല പ്രശ്നം, ആശയദാരിദ്ര്യമാണ്. പ്രത്യയശാസ്ത്രത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുമ്പോഴും ഉറച്ചുനിൽക്കുന്ന നേതാക്കളുണ്ട്. എന്നാൽ അത്തരം നേതാക്കളുടെ എണ്ണം കുറഞ്ഞുവരുന്നു. പ്രത്യയശാസ്ത്ര അപചയം സംഭവിക്കുന്നുണ്ട്. അത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇടതെന്നോ വലതെന്നോ വ്യത്യാസമില്ല, എല്ലായിടത്തും അവസരവാദികളുണ്ട്. എല്ലാവർക്കും ഭരണപക്ഷത്തിനൊപ്പം നിൽക്കണം' - നിതിൻ ​ഗഡ്കരി പറഞ്ഞു.

ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്, ഇന്ത്യ ജനാധിപത്യത്തിന്റെ അമ്മയാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ഓർമ്മിപ്പിച്ച് ​ഗഡ്കരി പറഞ്ഞു. ഈ കാരണങ്ങളാൽ തന്നെ ലോകത്തിനാകെ ഇന്ത്യയുടെ ജനാധിപത്യ ഭരണം മാതൃകയാണ്. രാഷ്ട്രീയ പ്രവർത്തകർ‌ വരും പോകും, എന്നാൽ അവരവരുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങളാണ് അവർക്ക് ആദരം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

'പ്രസിദ്ധിയും ജനകീയതയും വേണം, എന്നാൽ അതത് മണ്ഡലങ്ങളിലെ ജനങ്ങൾക്ക് വേണ്ടി എങ്ങനെ പണിയെടുക്കുന്നുവെന്നതാണ് പാർലമെന്റിൽ സംസാരിക്കുന്നതിനെക്കാൾ പ്രധാനം' - ​ഗഡ്കരി പറഞ്ഞു.

കോൺഗ്രസ് നേതാവ് ശശി തരൂരിനും ബിജെഡി നേതാവും രാജ്യസഭാംഗവുമായ സസ്മിത് പത്രയ്ക്കും ഈ വർഷത്തെ മികച്ച പാർലമെന്ററി നേതാവിനുള്ള പുരസ്കാരം ലഭിച്ചു. ബിഎസ്പിയിൽ നിന്ന് സസ്പെന്റ് ചെയ്ത ലോക്സഭാ എംപി ഡാനിഷ് അലി, സിപിഐഎമ്മിന്റെ ലോക്സഭാ എംപി ജോൺ ബ്രിട്ടാസ് എന്നിവർക്ക് മികച്ച പുതുമുഖ പാർലമെന്ററി അംഗങ്ങൾക്കുള്ള പുരസ്കാരം ലഭിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com