
ഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമര്ശനമുയർത്തി കോൺഗ്രസ്. സംസ്ഥാനങ്ങളുടെ അധികാര ചിറക് അരിയുകയാണ് മോദി സർക്കാർ ചെയ്യുന്നത്. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ കേന്ദ്ര സർക്കാർ തകർത്തു. ബിജെപിയെ പരാജയപ്പെടുത്തിയ ജനങ്ങളെ സർക്കാർ ശിക്ഷിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയത്തിൽ പറഞ്ഞു.
ഫെഡറലിസം കടുത്ത വെല്ലുവിളി നേരിടുകയാണ്. സംസ്ഥാനങ്ങളുടെ വരുമാനം വെട്ടിക്കുറയ്ക്കുന്നു. ഹിമാചൽ പ്രദേശിന് കേന്ദ്രസർക്കാർ ദുരിത സഹായം നൽകുന്നില്ല. അരി വില കുറുക്കുമെന്ന കർണാടക സർക്കാരിന്റെ തീരുമാനം നടപ്പിലാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. പ്രവർത്തക സമിതി യോഗത്തിൽ കരട് പ്രമേയത്തിൽ ചർച്ച തുടരുകയാണ് എന്ന് പി ചിദംബരം അറിയിച്ചു. രാജ്യത്തെ സാഹചര്യമാണ് ചർച്ച ചെയ്യുന്നത്. രാഷ്ട്രീയം, സാമ്പത്തികം, രാജ്യ സുരക്ഷ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.
മണിപ്പൂർ മേയ് അഞ്ച് മുതൽ കത്തുന്നു. നിരവധി രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു. ഇതിനിടയിൽ മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് സമയം കിട്ടിയില്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതി കുറ്റപ്പെടുത്തി. ചൈനയുമായുള്ള ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ല. തൽസ്ഥിതിയിലേക്ക് മാറണമെന്ന ഇന്ത്യയുടെ ആവശ്യം ഇതുവരെ പാലിച്ചിട്ടില്ല. ഇന്ത്യയിലേക്ക് ചൈന ഓരോ ദിവസവും കടന്നു കയറുന്നു. ചൈന ഓരോ ദിവസവും തൽസ്ഥിതി മാറ്റുന്നു. ഇതിൽ കോൺഗ്രസിന് കടുത്ത ആശങ്കയുണ്ട്. ഭാരത് ജോഡോ യാത്ര 2 നടത്താൻ ആലോചനയുണ്ട്. കിഴക്ക് മുതൽ പടിഞ്ഞാറ് വരെ യാത്ര നടത്തുന്ന കാര്യം ചർച്ച ചെയ്യുന്നു.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അനുശോചന പ്രമേയം പാസാക്കി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ കോൺഗ്രസ് തള്ളുന്നു. അങ്ങനെ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. അത്തരം നിയമനിർമാണത്തെ കോൺഗ്രസ് പൂർണമായും തള്ളുന്നു. അഞ്ച് നിയമങ്ങൾ എങ്കിലും ഈ നിയമനിർമാണത്തിനായി മാറ്റി എഴുതണം. അത് പാസ്സാക്കി എടുക്കാനുള്ള അംഗബലം ബിജെപിക്കില്ല എന്നും പി ചിദംബരം പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗം വിലയിരുത്തി. ഇൻഡ്യ സഖ്യത്തെ നിലവിൽ പ്രവർത്തക സമിതിയിലെ ഒരു അംഗവും എതിർത്തില്ല. ഒന്നിച്ച് മുന്നോട്ട് പോകണം എന്നാണ് പറഞ്ഞത്. സീറ്റ് വിഭജനം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. സീറ്റ് വിഭജനം തീരുമാനിക്കേണ്ടത് ഇൻഡ്യ സഖ്യത്തിന്റെ ഏകോപനസമിതിയാണ്.
സനാതന ധർമ്മ പരാമർശ വിവാദത്തിന്മേൽ യോഗത്തിൽ ചർച്ചയുണ്ടായില്ല. അത്തരം വിവാദങ്ങളിലേക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വിശ്വാസങ്ങളെയും കോൺഗ്രസ് ഒരു പോലെ മാനിക്കുന്നു. ഭാരത് പേര് മാറ്റം അടക്കമുള്ളവ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ മറച്ചു പിടിക്കാനുള്ള തന്ത്രമാണെന്നും പ്രവർത്തക സമിതി വിലയിരുത്തി.