
ന്യൂഡല്ഹി: ആല്ബര്ട്ട് ഐന്സ്റ്റീന് തട്ടിപ്പുകാരനായിരുന്നുവെന്ന് ഇന്ത്യന് ഗണിതശാസ്ത്രജ്ഞന് പ്രൊഫസർ സി കെ രാജു. ആധുനിക ഗണിതശാസ്ത്രം പാശ്ചാത്യരുടെ മതപ്രചരണ ആയുധമാണെന്നും ഇന്ത്യന് ഗണിതം മനസിലാകാതെ അവര് മോഷ്ടിച്ചതാണെന്നുമാണ് സി കെ രാജുവിന്റെ അവകാശവാദം. ഡല്ഹിയില് വിവേകാനന്ദ ഫൗണ്ടേഷന് സംഘടിപ്പിച്ച പരിപാടിയില് സംസാരിക്കവെയായിരുന്നു പരാമര്ശം.
യൂക്ലിഡ് പള്ളിയുടെ സൃഷ്ടിയാണ്, അങ്ങനൊരാള് ജീവിച്ചിരുന്നില്ല. ഒരു പുരോഗതിയില്ലെങ്കിലും, കഴിഞ്ഞ പത്ത് വര്ഷമായി താന് ഇതേകുറിച്ച് സംസാരിക്കാന് ശ്രമിക്കുകയാണെന്നാണ് സി കെ രാജു പറയുന്നത്. പുതിയ ആശയങ്ങളെ അംഗീകരിക്കാനുള്ള മനസില്ലായ്മ കുറ്റപ്പെടുത്തിയാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള് അംഗീകരിച്ചാല് ജോലി നഷ്ടപ്പെടുമെന്ന് ചില വിദഗ്ധര് ഭയപ്പെടുന്നതായും പലര്ക്കും വിദഗ്ധരല്ലാത്തതിനാല് തന്റെ ആശയം മനസിലാക്കാന് സാധിക്കുന്നില്ലെന്നുമാണ് സി കെ രാജു പറഞ്ഞത്.
ഐന്സ്റ്റീനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന ഒരാളുടെ ചോദ്യത്തിന്, മറ്റുള്ളവരില് നിന്ന് ആശയങ്ങള് മോഷ്ടിച്ച ഒരു ഗുമസ്തന് എന്നായിരുന്നു സി കെ രാജുവിന്റെ മറുപടി. ആപേക്ഷികതാ സിദ്ധാന്തം ഐന്സ്റ്റീന് കണ്ടെത്തിയിട്ടില്ലെന്നാണ് തന്റെ 30 വര്ഷമായുള്ള നിലപാടെന്നും സി കെ രാജു പറഞ്ഞു. വിവേകാനന്ദ ഫൗണ്ടേഷനിലെ അംഗങ്ങളും വിരമിച്ച പ്രതിരോധ ജീവനക്കാരും അഭിഭാഷകരും ഉള്പ്പടെ പങ്കെടുത്ത ചടങ്ങില് സി കെ രാജുവിന്റെ അവകാശവാദത്തെ ആരും ചോദ്യം ചെയ്തില്ലെന്ന് ദ പ്രിന്റ് റിപ്പോര്ട്ട് ചെയ്യുന്നു.