രാജസ്ഥാനിൽ യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു; നഗ്നയാക്കി വഴിയില് ഉപേക്ഷിച്ചു
ജെയ്പൂർ: രാജസ്ഥാനിൽ യുവതിയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പൊലീസ്. ബലാത്സംഗത്തിന് ശേഷം മർദിക്കുകയും നഗ്നയാക്കി ഉപേക്ഷിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം.
അത്താഴം കഴിഞ്ഞ് നടക്കാൻ ഇറങ്ങിയ പെൺകുട്ടിയെ മദ്യലഹരിയിലായിരുന്ന മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം വിവസ്ത്രയായി റോഡിൽ ഉപേക്ഷിച്ച നിലയിൽ കിടക്കുകയായിരുന്ന യുവതിയെ ഗ്രാമവാസികൾ കാണുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
സംഭവസ്ഥലത്ത് പൊലീസെത്തി ജീപ്പിൻ്റെ സീറ്റ് കവർ കൊണ്ടാണ് യുവതിയെ പൊതിഞ്ഞത്. ഒരു വനിതാ കോൺസ്റ്റബിളിന്റെ വസ്ത്രമാണ് പിന്നീട് പൊലീസ് യുവതിയ്ക്ക് ധരിക്കാൻ നൽകിയത്. സംഭവത്തിൽ ശനിയാഴ്ച വൈകിട്ട് ഗംഗാപൂരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് പുറത്ത് പ്രദേശവാസികൾ പ്രതിഷേധിച്ചു. യുവതിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സംഭവസ്ഥലത്ത് നിന്ന് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചതായി പൊലീസ് അറിയിച്ചു. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഗംഗാപൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ലഭുറാം ബിഷ്നോയ് പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടും.