വിദ്യാഭ്യാസ മന്ത്രിക്കെതിരെ നീക്കമെന്ന് സൂചന; കേന്ദ്രത്തിനും സംസ്ഥാനത്തിനും കത്തയച്ച് ബം​ഗാൾ ​ഗവർണർ

കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സ്ഥിരീകരിക്കാവുന്ന വിവരങ്ങൾ വന്നിട്ടില്ലെങ്കിലും വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവുമായി നിലനിൽക്കുന്ന തർക്കത്തിന്റെ തുടർച്ചയാണെന്നാണ് സൂചന
വിദ്യാഭ്യാസ മന്ത്രിക്കെതിരെ നീക്കമെന്ന് സൂചന; കേന്ദ്രത്തിനും സംസ്ഥാനത്തിനും കത്തയച്ച് ബം​ഗാൾ ​ഗവർണർ

കൊൽക്കത്ത: ബം​ഗാൾ സർക്കാരിനെതിരെ അപ്രതീക്ഷിത നീക്കവുമായി ​ഗവർണർ സി വി ആനന്ദബോസ്. ഇന്നലെ അർദ്ധരാത്രിയോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ​ഗവർണർ കത്തയച്ചു. കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സ്ഥിരീകരിക്കാവുന്ന വിവരങ്ങൾ വന്നിട്ടില്ലെങ്കിലും വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവുമായി നിലനിൽക്കുന്ന തർക്കത്തിന്റെ തുടർച്ചയാണെന്നാണ് സൂചന.

ബം​ഗാൾ ചീഫ് സെക്രട്ടറി എച്ച് കെ ദ്വിവേദിയുമായി വിശദമായ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ​ഗവർണർ കത്ത് തയ്യാറാക്കിയത്. കത്തിന്റെ ഉള്ളടക്കം സംബന്ധിച്ച വിശദീകരണത്തിന് സംസ്ഥാന സർക്കാരും തയ്യാറായിട്ടില്ല. നേരത്തെ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ കടുത്ത വിമർശനങ്ങളുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ വലിയ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുകൾ ആനന്ദബോസ് നൽകിയിരുന്നു. അർദ്ധരാത്രിയിലെ നീക്കത്തിനായി കാത്തിരിക്കൂ എന്ന് അദ്ദേഹം മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞിരുന്നു. ​​ഗവർണറുടെ മുന്നറിയിപ്പിന് ശേഷം പേരെടുത്ത് പറയാതെ ബ്രത്യ ബസു ആനന്ദബോസിനെ പരിഹസിച്ചിരുന്നു. 'ന​ഗരത്തിൽ പുതിയ വാമ്പയർ ഇറങ്ങിയിട്ടുണ്ട്, വാമ്പയറിന്റെ പ്രവൃത്തികൾ കാണാൻ അർദ്ധരാത്രി വരെ കാത്തിരിക്കുക, സൂക്ഷിക്കണം'. ബ്രത്യ ബസു പറഞ്ഞു.

സർവ്വകലാശാലകളിലെ ഇടക്കാല വൈസ് ചാൻസലർമാരുടെ നിയമനത്തെച്ചൊല്ലി പശ്ചിമ ബംഗാൾ സർക്കാരും രാജ്ഭവനും തമ്മിൽ വാക്പോര് നിലനിൽക്കുന്നുണ്ട്. ഇതിനെ തുടർന്ന്, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ നശിപ്പിക്കാൻ ഗവർണർ ശ്രമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ആരോപിച്ചിരുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള സർവ്വകലാശാലകളുടെ ചാൻസലറായ ഗവർണർ പാവ ഭരണം നടത്തുകയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി കൂടിക്കാഴ്ച നടത്തരുതെന്ന് രജിസ്ട്രാർമാരെ ഭീഷണിപ്പെടുത്തിയെന്നും മന്ത്രി ആരോപിച്ചു.

പ്രസിഡൻസി യൂണിവേഴ്സിറ്റി, MAKAUT, ബർദ്വാൻ യൂണിവേഴ്സിറ്റി എന്നിവയുൾപ്പടെ എട്ട് സർവ്വകലാശാലകൾക്ക് ​ഗവർണർ ഇടക്കാല വൈസ് ചാൻസലർമാരെ നിയമിച്ചിരുന്നു. ഈ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ രം​ഗത്തെത്തിയിരുന്നു.

Story Highlights: Bengal governor Bose writes confidential letters to Centre, state govt.

Related Stories

No stories found.
logo
Reporter Live
www.reporterlive.com