'ചെറുതായിട്ടൊന്ന് പേരുമാറ്റി കമ്പനി പൂട്ടേണ്ട അവസ്ഥയായി'; ബി9 ബെവ്റേജസിന് സംഭവിച്ചത് ഇതാണ്

ബി9 ബെവ്റേജസിനെതിരെ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ജീവനക്കാര്‍

'ചെറുതായിട്ടൊന്ന് പേരുമാറ്റി കമ്പനി പൂട്ടേണ്ട അവസ്ഥയായി'; ബി9 ബെവ്റേജസിന് സംഭവിച്ചത് ഇതാണ്
dot image

ബിറ 91 ന് പിന്നിലുള്ള കമ്പനിയായ ബി9 ബെവ്റേജസിനെതിരെ പ്രതിഷേധവുമായി ജീവനക്കാര്‍. സ്ഥാപകന്‍ അങ്കുര്‍ ജെയിനിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ പ്രതിഷേധം. ബിറ 91 ബിയര്‍ ബ്രാന്‍ഡിന്റെ മാതൃ കമ്പനിയുടെ പേരില്‍ വരുത്തിയ മാറ്റത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ ചൊല്ലിയാണ് ജീവനക്കാരുടെ പ്രതിഷേധം.

2022 ഡിസംബറില്‍ കമ്പനി അതിന്റെ നിയമപരമായ പേര് ബി9 ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് ബി9 ബെവ്റേജസ് ലിമിറ്റഡ് എന്നാക്കി. പ്രൈവറ്റ് എന്ന വാക്ക് നീക്കം ചെയ്തതോടുകൂടിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇത് കമ്പനിയുടെ പ്രവര്‍ത്തനത്തിന് നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുകയും ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്ത സാഹചര്യത്തിലേക്ക് മാറുകയും ചെയ്തു. പുതിയ പേരിലേക്ക് കമ്പനി മാറിയതിനെ തുടര്‍ന്ന് ആ കമ്പനിയെ മറ്റൊരു കമ്പനിയായി കണക്കാക്കുകയും നിയമപരമായ അംഗീകാരങ്ങള്‍, ലേബല്‍ അംഗീകാരങ്ങള്‍, പ്രൊഡക്ട് രജിസ്‌ട്രേഷനുകള്‍, പുതിയ ലൈസന്‍സുകള്‍ എന്നിവ നല്‍കേണ്ടതിനെ തുടര്‍ന്ന് കമ്പനി കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കടക്കുകയായിരുന്നു.

'കഴിഞ്ഞ ദശകത്തിലെ വിജയകരമായ സ്റ്റാര്‍ട്ടപ്പ് കഥകളില്‍ ഒന്നായിരുന്നു ബീര 91. ഇതൊരു ജനപ്രിയ ക്രാഫ്റ്റ് ബിയര്‍ ബ്രാന്‍ഡാണ്. അവര്‍ വളരെ നന്നായി വളര്‍ന്നു. പക്ഷെ ഒരു അനാവശ്യ നടപടിയെ തുടര്‍ന്ന് കമ്പനി പൂട്ടികെട്ടേണ്ട അവസ്ഥയായി'- നിക്ഷേപകനായ ഡി മുത്തുകൃഷ്ണന്‍ എക്സിലെ ഒരു പോസ്റ്റില്‍ എഴുതി.

പേര് മാറ്റം നിസ്സാരമായി തോന്നിയെങ്കിലും മാസങ്ങളോളം വില്‍പ്പന നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നു. പുതിയ ഉല്‍പ്പന്ന ലേബലുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടെ B9 ബിവറേജസിന് ഏകദേശം 80 കോടി രൂപയുടെ ഇന്‍വെന്ററി എഴുതിത്തള്ളേണ്ടി വന്നതായി ET റിപ്പോര്‍ട്ട് ചെയ്യുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പനയില്‍ 22% ഇടിവും നഷ്ടത്തില്‍ 68% വര്‍ധനവും ഉണ്ടായതായി കമ്പനി റിപ്പോര്‍ട്ട് ചെയ്തു. ഇത് കമ്പനിയുടെ മൊത്തം വരുമാനമായ 638 കോടിയിലധികമായിരുന്നു.

ഹര്‍ജിക്കാരില്‍ നിന്നോ ഓഹരി ഉടമകളില്‍ നിന്നോ കമ്പനിക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ നല്കിയ ഹര്‍ജിക്ക് മറുപടിയായി അങ്കുര്‍ ജെയിന്‍ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം കുടിശ്ശികയായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേര് മാറ്റം, മദ്യനയത്തിലെ മാറ്റങ്ങള്‍, ധനസമാഹരണത്തിലെ കാലതാമസം എന്നിവ മൂലമുണ്ടായ ബിസിനസ് തടസ്സങ്ങള്‍ കാരണം കഴിഞ്ഞ 18 മാസങ്ങള്‍ വെല്ലുവിളി നിറഞ്ഞതായെിരിന്നുവെന്ന് ജെയിന്‍ കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിച്ചും തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ലാഭം മെച്ചപ്പെടുത്തിയും കമ്പനി ഈ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ജെയിന്‍ പ്രതികരിച്ചു.

Content Highlights: Bira 91 Name Change Led Collapse

dot image
To advertise here,contact us
dot image