'വികസനം, വികസനം തന്നെയാണ്'; കെ സുധാകരന് കെ റെയിലില്‍ കണ്ണൂരിലിറങ്ങുന്നത് കേരളം കാണുമെന്ന് വി ശിവന്‍കുട്ടി
'ഇനി കെ റെയിലിലും യാത്ര ചെയ്യും'
22 March 2022 8:25 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് കെ റെയിലില്‍ കണ്ണൂരിലിറങ്ങുന്നത് കേരളം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍ക്കാര്‍ കല്ലിടുന്നത് തുടരുകയാണ്. ഇതിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു വരുന്നതിനിടെയാണ് കെപിസിസി പ്രസിഡന്റിനെതിരെ വി ശിവന്‍കുട്ടിയുടെ പരിഹാസം. ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ സുധാകരന് ദേശീയ പാതയിലൂടെ കാറില്‍ പോകുന്നു. കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ ഡല്‍ഹിയിലേയ്ക്ക് നിരന്തരം യാത്ര നടത്തുന്നു. ഇനി കെ റെയിലിലും യാത്ര ചെയ്യും. കാരണം വികസനം വികസനം തന്നെയാണ്, എന്നായിരുന്നു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഓണ്‍ കോള്‍ 'കരുതല്‍ പട'യുമായി കോണ്‍ഗ്രസ്; 'കെ റെയില്‍ കല്ലിടലിന് വരുന്ന സംഘത്തെ പ്രതിരോധിക്കും'
കോഴിക്കോട്: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ പ്രതിരോധ സേനയുമായ കോണ്‍ഗ്രസ്. കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് 'കരുതല്‍ പട' രൂപീകരിച്ചിരിക്കുന്നത്. കെ റെയില്‍ ഇരകളെ സഹായിക്കാനും സംരക്ഷിക്കാനുമാണ് 11 അംഗ സംഘത്തെ നിയോഗിക്കുകയെന്ന് ഡിസിസി അദ്ധ്യക്ഷന്‍ അഡ്വ. കെ പ്രവീണ്‍കുമാര്‍ വ്യക്തമാക്കി.
'ജില്ലയിലെ ഏത് കെ റെയില്‍ വിരുദ്ധ പോരാട്ടത്തിനും മുന്നില്‍ ഈ പടയില്പ്പെട്ട നേതാക്കള്‍ ഉണ്ടാകും. കെ റെയില്‍ ഇരകള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എപ്പോഴും വിളിക്കാനുള്ള കോള്‍ സെന്ററും ആരംഭിച്ചു,' കല്ലിടാനും സര്‍വ്വേക്കും വരുന്ന സംഘത്തെ പ്രതിരോധിക്കുവാന്‍ കെ റെയില്‍ ഇരകളോടൊപ്പം കരുതല്‍ പടയിലെ അംഗങ്ങള്‍ നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഡിസിസി പുറത്തുവിട്ട പത്രക്കുറിപ്പില്‍ കോള്‍ സെന്റര്‍ നമ്പറും കരുതല്‍ പടയിലെ അംഗങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിജേഷ് അരവിന്ദ്, ദിനേശ് പെരുമണ്ണ, മുനീര്‍ എരവത്ത്, രമേശ് നമ്പിയത്ത്, ഷാജിര്‍ അറഫാത്ത്, രാജേഷ് കീഴരിയൂര്‍, എസ് കെ അബൂബക്കര്‍, ഷെറില്‍ ബാബു, എടക്കുനി അബ്ദുറഹിമാന്, ആര് ഷെഹിന്സ, വി ടി നിഹാല്‍ എന്നിവരാണ് പ്രത്യക സംഘത്തിലുള്ളത്.
STORY HIGHLIGHTS: V Shivankutty against K Sudhakaran on KRail