Top

'ഒരു വിഭാഗത്തില്‍ പെട്ടവര്‍ മാത്രമല്ല മതപരിവര്‍ത്തനം നടത്തുന്നത്'; തുഷാര്‍ വെള്ളാപ്പള്ളി

22 May 2022 4:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു വിഭാഗത്തില്‍ പെട്ടവര്‍ മാത്രമല്ല മതപരിവര്‍ത്തനം നടത്തുന്നത്; തുഷാര്‍ വെള്ളാപ്പള്ളി
X

ഇടുക്കി: കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ലൗ ജിഹാദ് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ട്. ഒരു വിഭാഗത്തില്‍ പെട്ടവര്‍ മാത്രം അല്ല ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്. ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനാണ് വിടേണ്ടതെന്നും തുഷാര്‍ വെള്ളാപ്പള്ളി ഇടുക്കി എന്‍ആര്‍ സിറ്റിയില്‍ പറഞ്ഞു. ലവ് ജിഹാദ് അംഗീകരിയ്ക്കാനാവില്ല, ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം പറഞ്ഞത് എസ് എന്‍ഡിപിയാണെന്നും തുഷാര്‍ പറഞ്ഞു. ഇടുക്കി എന്‍ ആര്‍ സിറ്റിയില്‍ സംഘടിപ്പിച്ച ശ്രീനാരായണ ധര്‍മ്മ വിചാര യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രതികരണം.

യോഗത്തിനെതിരെ നിയമനടപടി തുടരുന്ന ഗോകുലം ഗോപാലനെതിരെ തുഷാര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തിയ ആളുകളെ കൂട്ടുപിടിച്ചാണ് ഗോകുലം ഗോപാലന്‍ എസ്എന്‍ഡിപി യോഗത്തിനെതിരെ കേസിന് പോയിരിക്കുന്നത്. ഗുരുദേവന്റെ ശിഷ്യന്‍മാരുണ്ടാക്കിയ വിദ്യാഭ്യാസ സ്ഥാപനം സ്വന്തം പേരിലാക്കി ഗോകുലം ഗോപാലന്‍ അടിച്ചുകൊണ്ടുപോയതാണെന്നും തുഷാര്‍ പറഞ്ഞു.

'തിരുവല്ല യൂണിയന്റെ സെക്രട്ടറിയായിരുന്ന ഒരു മാന്യനുണ്ട്. അദ്ദേഹം 75 ലക്ഷം രൂപയോളം മോഷ്ടിച്ച് നടപടിയെടുത്ത് യൂണിയനില്‍ നിന്ന് പുറത്തുകളഞ്ഞയാളാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുള്ള കുറേയാളുകളെ കൂട്ടുപിടിച്ചുകൊണ്ട് എസ്എന്‍ഡിപി യോഗത്തിനെതിരെ കേസ് കൊടുക്കാന്‍ ഈ പറയുന്ന ചിട്ടിക്കമ്പനിക്കാരന്‍ ഗോപാലന്‍ പോകുമ്പോള്‍ അദ്ദേഹത്തിന് ഈ സമുദായത്തോടുള്ള കടപ്പാട് എന്താണ്?

ഗുരുദേവന്റെ പ്രഥമ ശിഷ്യന്‍മാര്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനം പോലും സ്വന്തം പേരിലേക്ക് അടിച്ചുമാറ്റിയ ആളാണ് ഗോകുലം ഗോപാലന്‍. ശിവഗിരിയുടെ പേരില്‍ ഗുരുദേവന്റെ ശിഷ്യന്‍ തന്നെ മദ്രാസില്‍ പോയി ഉണ്ടാക്കിയിട്ടുള്ള 600-700 കോടി രൂപയോളം വിലവരുന്ന വിദ്യാഭ്യാസ സ്ഥാപനം ടി നഗറിലുണ്ട്. മദ്രാസിലുള്ള നിങ്ങളുടെ സഹോദരങ്ങളോടും ബന്ധുക്കളോടും ചോദിച്ചാല്‍ അറിയാം. ഈ പറയുന്ന മാന്യന്റേയും കുടുംബക്കാരുടേയും പേരില്‍ ഈ സ്ഥാപനം അടിച്ചുകൊണ്ടുപോയി. ഗുരുമന്ദിരം അടക്കം വിറ്റ് കാശാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് കേസിന് പോയിട്ടുള്ള ആളാണ് ഗോകുലം ഗോപാലന്‍,' പ്രാതിനിധ്യ വോട്ടവകാശവുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലന്‍ കോടതിയെ സമീപിക്കുകയും എസ്എന്‍ഡിപിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയരുകയും ചെയ്യുന്ന ഘട്ടത്തിലാണ് എസ്എന്‍ഡിപിക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി യോഗം വൈസ് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.

STORY HIGHLIGHTS: Thushar Vellapally, vice president of the SNDP meeting, said that it cannot be said that there is no love jihad in Kerala

Next Story