Top

'ഇ ഡിക്കുണ്ടായ തിരിച്ചടി ഒളിപ്പിക്കാനാണോ?'; രണ്ട് ദിവസമായി ഒരു സിനിമാ പരസ്യമാണ് ചാനൽ ചർച്ചയെന്ന് തോമസ് ഐസക്

12 Aug 2022 6:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇ ഡിക്കുണ്ടായ തിരിച്ചടി ഒളിപ്പിക്കാനാണോ?; രണ്ട് ദിവസമായി ഒരു സിനിമാ പരസ്യമാണ് ചാനൽ ചർച്ചയെന്ന് തോമസ് ഐസക്
X

തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേസിലെ ഹെെക്കോടതി വിധി മറച്ചുവെക്കുവാനുളള ശ്രമത്തിന്റെ ഭാഗമാണ് സിനിമാ പരസ്യവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളെന്ന് സിപിഐഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. ഇടതുപക്ഷത്തെ ഉത്തരവാദപ്പെട്ട ആരും തന്നെ സിനിമയ്ക്ക് എതിരെ രംഗത്തെത്തിയിട്ടില്ലെന്നും രാഷ്ട്രീയമായി ആ വിഷയത്തിൽ ചർച്ച ആവശ്യമില്ലാത്തതാണെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ പ്രത്യക്ഷമായോ പരോക്ഷമായോ വരുന്ന കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ ഏത് കച്ചിത്തുരുമ്പിലും കയറിപ്പിടിക്കാനുള്ള മാധ്യമ പ്രവണത ഇന്നു വളരെ പ്രകടമാണ്. ഇങ്ങനെ കണ്ണുപൊത്തിക്കളി നടത്താനുള്ള കാരണം പേടിയായിരിക്കണം അല്ലെങ്കിൽ ലാഭമായിരിക്കണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തോമസ് ഐസക് പറഞ്ഞു.

'ഇന്നലത്തെ ചാനൽ ചർച്ചകളുടെ വിഷയം എന്നെ അത്ഭുതപ്പെടുത്തി. രണ്ടോ മൂന്നോ ചാനലുകളൊഴികെ ബാക്കി എല്ലാവരുടെയും വിഷയം ഒരു സിനിമാ പരസ്യം സംബന്ധിച്ച സോഷ്യൽ മീഡിയ പോസ്റ്റുകളായിരുന്നു. ചിലർ സിനിമയെ വിമർശിച്ചെന്നും ബഹിഷ്കരിച്ചെന്നും പറഞ്ഞാണ് ചർച്ചകൾ സംഘടിപ്പിച്ചത്. സത്യത്തിൽ ഇടതുപക്ഷത്തെ ഉത്തരവാദപ്പെട്ട ആരും ആ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. ഈ സോഷ്യൽ മീഡിയ ചർച്ച മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പൊതുമരാമത്ത് മന്ത്രി റിയാസ് തന്നെ അത്‌ വെറുമൊരു പരസ്യമാണെന്നും അതിനെ അങ്ങനെ മാത്രമേ എടുക്കുന്നുള്ളൂ എന്നും പറഞ്ഞതാണ്. ക്രിയാത്മക വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും പറഞ്ഞു. രാഷ്ട്രീയമായി ആ വിഷയത്തിൽ അതിനപ്പുറം ചർച്ച ആവശ്യമില്ലാത്തതാണ്,' തോമസ് ഐസക് കുറിച്ചു.

പോസ്റ്റിന്റെ പൂ‍ർണ്ണ രൂപം:

ഇന്നലത്തെ ചാനൽ ചർച്ചകളുടെ വിഷയം എന്നെ അത്ഭുതപ്പെടുത്തി. രണ്ടോ മൂന്നോ ചാനലുകളൊഴികെ ബാക്കി എല്ലാവരുടെയും വിഷയം ഒരു സിനിമാ പരസ്യം സംബന്ധിച്ച സോഷ്യൽ മീഡിയ പോസ്റ്റുകളായിരുന്നു. ചിലർ സിനിമയെ വിമർശിച്ചെന്നും ബഹിഷ്കരിച്ചെന്നും പറഞ്ഞാണ് ചർച്ചകൾ സംഘടിപ്പിച്ചത്. സത്യത്തിൽ ഇടതുപക്ഷത്തെ ഉത്തരവാദപ്പെട്ട ആരും ആ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. ഈ സോഷ്യൽ മീഡിയ ചർച്ച മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പൊതുമരാമത്ത് മന്ത്രി റിയാസ് തന്നെ അത്‌ വെറുമൊരു പരസ്യമാണെന്നും അതിനെ അങ്ങനെ മാത്രമേ എടുക്കുന്നുള്ളൂ എന്നും പറഞ്ഞതാണ്. ക്രിയാത്മക വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും പറഞ്ഞു. രാഷ്ട്രീയമായി ആ വിഷയത്തിൽ അതിനപ്പുറം ചർച്ച ആവശ്യമില്ലാത്തതാണ്. എന്നാൽ അത്‌ ഏറ്റെടുത്ത് ഊതിവീർപ്പിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്തത് എന്തുകൊണ്ട്? അത്‌ കോടതിയിൽ ഇന്നലെ ഇഡിക്ക് ഉണ്ടായ തിരിച്ചടി എന്തു കാരണംകൊണ്ടോ ഇല്ലാവിഷയങ്ങളുടെ മറ സ്വയം തീർത്ത് അതിൽ ഒളിക്കുന്നതിനുള്ള ആരുടെയൊക്കെയോ വ്യഗ്രതയല്ലേ? മനുഷ്യരുടെ മൗലികാവകാശങ്ങൾ അവഗണിച്ചുകൊണ്ട് സ്വേച്ഛാപരമായ നടപടിയെ നിയമപരമായി ചോദ്യം ചെയ്യുകയും ആ ചോദ്യങ്ങൾക്ക് മുന്നിൽ കേന്ദ്ര ഏജൻസി ചൂളിപ്പോവുകയും ചെയ്ത സംഭവം വേണ്ടത്ര ഗൗരവത്തിൽ ചർച്ച ചെയ്യപ്പെട്ടില്ലായെന്നു പലരും സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരിക്കുന്നു. കേന്ദ്രസർക്കാരിനെതിരെ പ്രത്യക്ഷമായോ പരോക്ഷമായോ വരുന്ന കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ ഏത് കച്ചിത്തുരുമ്പിലും കയറിപ്പിടിക്കാനുള്ള മാധ്യമ പ്രവണത ഇന്നു വളരെ പ്രകടമാണ്. ഇങ്ങനെ കണ്ണുപൊത്തിക്കളി നടത്താനുള്ള കാരണം ഒന്നുകിൽ പേടിയായിരിക്കണം അല്ലെങ്കിൽ ലാഭമായിരിക്കണം. രണ്ടായാലും മാധ്യമങ്ങൾക്ക് ഭൂഷണമായ രീതിയല്ല ഇത്‌. ഈ പശ്ചാത്തലത്തിൽ ആഗസ്റ്റ് 19-ന്റെ ചിന്ത ജന്മദിന പതിപ്പ് ചർച്ച ചെയ്യുന്നത് കോർപ്പറേറ്റുകളും കേന്ദ്രസർക്കാരും കൈയടക്കിയ മാധ്യമ ലോകത്തെക്കുറിച്ചാണ്. പി. സായ് നാഥ്, സെബാസ്റ്റ്യൻ പോൾ, ജോൺ ബ്രിട്ടാസ്, വെങ്കിടേഷ് രാമകൃഷ്ണൻ, എം.വി. നികേഷ് കുമാർ, കെ.ജെ. ജേക്കബ്, പുത്തലത്ത് ദിനേശൻ, എം. സ്വരാജ് എന്നിവരുടെ ഈടുറ്റ ലേഖനങ്ങൾ. ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെടുന്നതുപോലെ മാധ്യമ രംഗത്തെ കോർപ്പറേറ്റ് താൽപ്പര്യങ്ങൾ മോദി സർക്കാരിന്റെ ഭീഷണിക്കു മുന്നിൽ വഴങ്ങി ഒതുങ്ങിക്കൂടാൻ മാധ്യമങ്ങളെ നിർബന്ധിതരാക്കുന്നു. ചിലരാവട്ടെ ഒരുപടികൂടി കടന്ന് മോദി ആശയങ്ങളുടെ പതാകവാഹകരാവുകയും ചെയ്യുന്നു. മലയാള മാധ്യമ ലോകത്തും ഈ പ്രവണതയ്ക്കു നമ്മൾ സാക്ഷ്യംവഹിക്കുകയാണ്.

STORY HIGHLIGHTS: Thomas Isaac says channel talks related to movie advertisement are part of an attempt to cover up Kiifb Court verdict

Next Story