Top

'അതിക്രമമുണ്ടായാല്‍ പ്രത്യേക രീതിയില്‍ പ്രതികരിക്കണമെന്ന് പറയുന്നത് ശരിയല്ല'; രാഹുല്‍ ഈശ്വറിന് ധന്യാ രാജേന്ദ്രന്റെ മറുപടി

2 May 2022 9:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതിക്രമമുണ്ടായാല്‍ പ്രത്യേക രീതിയില്‍ പ്രതികരിക്കണമെന്ന് പറയുന്നത് ശരിയല്ല; രാഹുല്‍ ഈശ്വറിന് ധന്യാ രാജേന്ദ്രന്റെ മറുപടി
X

കൊച്ചി: വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ യുവതിയ അധിക്ഷേപിച്ച രാഹുല്‍ ഈശ്വറിന് മറുപടി നല്‍കി മാധ്യമ പ്രവര്‍ത്തക ധന്യാ രാജേന്ദ്രന്‍. വളരേ മോശമായ, തെറ്റായ വാദങ്ങളാണ് രാഹുല്‍ ഈശ്വറിന്റേതെന്ന് ധന്യ പറഞ്ഞു. രാഹുല്‍ വാക്കുകള്‍ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു. അവരുടെ ശരീരഭാഷയുമായി അതിക്രമത്തിന് എന്ത് ബന്ധമെന്നും ധന്യാ രജേന്ദ്രന്‍ ആരാഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ അധിക്ഷേപ പരാമര്‍ശം. സമ്മതത്തോട് കൂടി നല്ല നിമിഷങ്ങള്‍ പങ്കുവെച്ചിട്ട് ഒടുക്കം എന്റെ സമ്മതമില്ലാതെയാണ് ബന്ധം നടന്നതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് നിയമപ്രകാരം തെറ്റ് തന്നെയാണ്. അത് ശരിയായില്ലെന്ന് വിജയ് ബാബുവിനോട് തന്നെ പറഞ്ഞതാണ്. പക്ഷെ ആ തെറ്റ് കാരണം വിജയ് ബാബുവിന് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഇല്ലാതാക്കരുതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ പരാതിക്കാരിയുടെ ശരീര ഭാഷ നോക്കിയാല്‍ ബലാത്സംഗത്തിനിരയായെന്ന് പറയില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

രാഹുലിന്റെ പരാമര്‍ശത്തിന് പിന്നാലെ ചര്‍ച്ചയില്‍ തന്നെയാണ് ധന്യ ഇടപെട്ട് രാഹുലിനെ തിരുത്തിയത്. രാഹുല്‍ പറഞ്ഞത് പരാതിക്കാരിയെ അങ്ങേയറ്റം അധിക്ഷേപിക്കലാണെന്ന് മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനും സംവിധായക കുഞ്ഞില മസിലാമണിയും ചൂണ്ടിക്കാട്ടി. എന്നാല്‍ പരാമര്‍ശം പിന്‍വലിക്കാന്‍ രാഹുല്‍ തയ്യാറായില്ല.

ധന്യാ രാജേന്ദ്രന്റെ വാക്കുകള്‍:

വളരേ തെറ്റും മോശവുമായ കാര്യങ്ങളാണ് രാഹുല്‍ പറയുന്നത്. രാഹുല്‍ ചെറുപ്പത്തില്‍ മലയാളം, ഹിന്ദി, തമിഴ് സിനിമകളില്‍ ആളുകള്‍ റേപ്പ് ചെയ്യുമ്പോള്‍ നിലവിളിച്ച് കരയുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടാവാം. എല്ലാവരും അതുപോലെ പ്രതികരിക്കണം, അവരുടെ ശരീര ഭാഷ നോക്കണം എന്നുള്ള വാക്കുകള്‍ രാഹുല്‍ തിരിച്ചെടുത്തേ പറ്റൂ. രാഹുല്‍ പറയുന്ന സിസിടിവി ദൃശ്യങ്ങളെക്കുറിച്ച് എനിക്കൊരു അഭിപ്രായമില്ല. വിജയ് ബാബുവിനെ എനിക്ക് അറിയില്ല. എനിക്ക് ഈ പരാതി അറിയാം. ആ സിസിടിവി ദൃശ്യങ്ങള്‍ രാഹുല്‍ കണ്ടോ. രാഹുല്‍ കണ്ടാല്‍പ്പോലും അവരുടെ ശരീര ഭാഷയുമായി അതിന് എന്താണ് ബന്ധം. ഇങ്ങനെ തന്നെയാണ് ഫ്രാങ്കോ കേസില്‍ ജഡ്ജി പറഞ്ഞത് ഒരു ജനലുണ്ടായിരുന്നു, അതുവഴി എന്തുകൊണ്ട് ശബ്ദം കേട്ടില്ല എന്ന്.

ഇങ്ങനെ സ്ത്രീകള്‍ അവര്‍ക്കെതിരെ ഒരു ലൈംഗിക അതിക്രമം ഉണ്ടായാല്‍ ഒരു പ്രത്യേക രീതിയില്‍ പ്രതികരിക്കണം, അവര്‍ നിലവിളിക്കണം, അവര്‍ കയ്യും കാലിട്ടടിക്കണം എന്ന് പറയുന്നത് ശരിയല്ല.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍:

സിസിടിവികള്‍ തെളിവായിട്ടുണ്ടല്ലോ. ഹോട്ടലില്‍ നിന്നിറങ്ങി വരുമ്പോള്‍ ഈ കുട്ടിയുടെ ബോഡി ലാം?ഗ്വേജ് നോക്കിയാല്‍ മതിയല്ലോ. ഇവര്‍ തമ്മില്‍ വ്യക്തി ബന്ധം ഉണ്ടായിരുന്നു. അത് ഓപ്പണ്‍ ആയല്ലോ ഇപ്പോള്‍. ഇരുവരും തമ്മില്‍ ഒരു മാസത്തോളം ബന്ധമുണ്ടായി. ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്. ആ ബന്ധം തുടങ്ങി ഒരു മാസം കഴിഞ്ഞ് അത് റേപ്പ് ആണെന്ന് പറഞ്ഞാല്‍ പുരുഷന് എന്ത് ചെയ്യാന്‍ പറ്റും. അറിയപ്പെടുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലും മറ്റ് സ്ഥലങ്ങളിലും പോയി നല്ല നിമിഷങ്ങള്‍ പങ്ക് വെച്ചു.

STORY HIGHLIGHTS: The News Minute editor Dhanya Rajendran's reply to Rahul Easwar on his defamatory remark against Survivor in Vijay Babu case

Next Story