പാഴ്സല്‍ ഭക്ഷണങ്ങളില്‍ തിയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ നിര്‍ബന്ധം; ഉത്തരവ് ഇറങ്ങി
ഇതുസൂചിപ്പിക്കുന്ന സ്റ്റിക്കറോ സ്ലിപ്പോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ചുകൊണ്ടുള്ളതാണ് ഉത്തരവ്
21 Jan 2023 8:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷണ പാഴ്സലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പോട് കൂടിയ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി ഉത്തരവ് ഇറങ്ങി. പാഴ്സലിലെ സ്റ്റിക്കറില്‍ ഭക്ഷണം പാകം ചെയ്ത സമയവും തിയതിയും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കണമെന്നാണ് നിര്‍ദേശം. ഇതുസൂചിപ്പിക്കുന്ന സ്റ്റിക്കറോ സ്ലിപ്പോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ചുകൊണ്ടുള്ളതാണ് ഉത്തരവ്.
ഫുഡ്സേഫ്റ്റി സ്റ്റാന്റേര്‍ഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം ഉപയോക്താക്കള്‍ക്ക് എത്തിച്ച് നല്കുവാന് കൂടുതല്‍ സമയമെടുക്കുകയാണെങ്കില്‍ 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തിയാണ് ഭക്ഷണം കൊണ്ടുപോകേണ്ടത്. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാനും സാധ്യതയുണ്ട്. അതിനാല്‍ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
Story Highlights: Stickers That Showing Date And Time Is Mandatory In All Food Parcels