Top

ഷഹനയുടെ മരണം; 'വീട്ടിലുണ്ടായിരുന്ന മൂന്നാമന്‍ ആര്? സംശയം തോന്നാന്‍ കാരണം രണ്ട് ഗ്ലാസ് ചായ'

ജനലില്‍ തൂങ്ങിയാല്‍ പോലും കട്ടിലില്‍ ഇരിക്കാവുന്ന രീതിയിലാണെന്ന് ബന്ധുക്കളുടെ മൊഴി.

21 May 2022 9:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷഹനയുടെ മരണം; വീട്ടിലുണ്ടായിരുന്ന മൂന്നാമന്‍ ആര്? സംശയം തോന്നാന്‍ കാരണം രണ്ട് ഗ്ലാസ് ചായ
X

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് ബന്ധുക്കള്‍. ഷഹന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ഷഹനയുടെ വീട്ടിലെത്തിയ കോഴിക്കോട് അസി. കമ്മീഷണര്‍ കെ സുദര്‍ശനും സംഘവും ഉമ്മ ഉമൈബ, സഹോദരങ്ങളായ ബിലാല്‍, നദീം, ബന്ധുക്കളായ മൂന്നുപേര്‍ എന്നിവരില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തിയത്.

ഷഹനയുടെ മരണദിവസം മറ്റാരോ അവിടെ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ സംശയം ഉന്നയിച്ചു. ഇതിനെക്കുറിച്ച് നല്‍കിയ മൊഴി ഇങ്ങനെ: ''ഷഹന മരിച്ച കോഴിക്കോടെ വാടക വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച സംശയം സൃഷ്ടിക്കുന്നതാണ്. വീട്ടിലെ മുറിയില്‍ രണ്ടു ഗ്ലാസില്‍ ചായ ഒഴിച്ചു വച്ചിരുന്നു. ഒരു ഗ്ലാസിലെ ചായ പകുതി കുടിച്ച നിലയിലായിരുന്നു. 20 വര്‍ഷമായി ഷഹന ചായ കുടിക്കാറില്ല. ഷഹനയും ഭര്‍ത്താവ് സജാദും മാത്രം താമസിക്കുന്ന വീട്ടില്‍ ആര്‍ക്കാണ് രണ്ട് ഗ്ലാസില്‍ ചായ ഉണ്ടാക്കിയത്. മറ്റാരോ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്.''

മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് ഷഹന ഫോണില്‍ വിളിച്ചിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ''പുതിയ സിനിമകള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ഷഹന. മരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഫോണ്‍ ചെയ്തിരുന്നു. അപ്പോഴൊന്നും കുഴപ്പവുമുണ്ടായിരുന്നില്ല. ഈ സമയത്തിനുള്ളില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. ജനലില്‍ തൂങ്ങിമരിച്ചു എന്നാണ് സജാദ് അവകാശപ്പെടുന്നത്. എന്നാല്‍ അധികം ഉയരമില്ലാത്ത ആ ജനാലിനോട് ചേര്‍ന്ന് കട്ടിലുണ്ട്.'' ജനലില്‍ തൂങ്ങിയാല്‍ പോലും കട്ടിലില്‍ ഇരിക്കാവുന്ന രീതിയിലാണെന്നും ബന്ധുക്കള്‍ മൊഴി നല്‍കി.

ഷഹനയുടെ കുടുംബം ഉന്നയിച്ച് ആരോപണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എസിപി മാധ്യമങ്ങളോട് പറഞ്ഞു.

മെയ് 13നാണ് കോഴിക്കോട് ചേവായൂരിലെ വാടക വീട്ടില്‍ ഷഹനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫുഡ് ഡെലിവറിയുടെ മറവില്‍ സജാദ് ലഹരി വില്‍പന നടത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സജാദിന്റെ ലഹരിമാഫിയ ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Next Story