Top

'ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയിലെത്തി, ഫോണുകള്‍ അയച്ചുകൊടുത്തു, ദൃശ്യങ്ങള്‍ ലഭിച്ചു; വാദങ്ങളുടെ സംക്ഷിപ്ത രൂപം കോടതിയില്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍

19 May 2022 8:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയിലെത്തി, ഫോണുകള്‍ അയച്ചുകൊടുത്തു, ദൃശ്യങ്ങള്‍ ലഭിച്ചു; വാദങ്ങളുടെ സംക്ഷിപ്ത രൂപം കോടതിയില്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി പരിഗണിക്കുന്നു. ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും ദിലീപിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വാദങ്ങളുടെ സംക്ഷിപ്ത രൂപം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

അഭിഭാഷകന്‍ മുംബൈയില്‍ പോയതിന് തെളിവുണ്ട്. അതിന്റെ വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഫോണിലെ വാട്‌സ് ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.

എന്നാല്‍ ഇത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മാത്രമേ തെളിവ് നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കൂവെന്നും കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിച്ച ജനുവരി 29,30 തിയ്യതികള്‍ സുപ്രധാനമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി.

'ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് ശേഷം സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തില്‍, ദിലീപും ബന്ധുക്കളായ അനൂപും സൂരജും സുഹൃത്തുകളും കൂടി ദിലീപിന്റെ വീട്ടില്‍ വെച്ച് കേസിലെ അന്വേഷണ സംഘത്തില്‍പ്പെട്ട സുദര്‍ശന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈവെട്ടണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിലെ ട്രക്ക് ഇടിപ്പിച്ച് വകവരുത്തണമെന്നും ഗൂഢാലോചന നടത്തുന്നത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തുന്നുണ്ട്. ഇതിന് പുറമേ ദിലീപും കൂട്ടാളികളും തമ്മില്‍ സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്തതിന്റെ വോയ്‌സ് ക്ലിപ്പിലും വെളിപ്പെടുത്തുന്നുണ്ട്. ആ വോയിസ് ക്ലിപ്പ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന്റേയും അനൂപിന്റേയും സൂരജിന്റേയും കൂട്ടാളികളുടേയും പേരില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. ക്രൈം തെളിയിക്കുന്ന എഫ്‌ഐആര്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി കോടതിയില്‍ സമര്‍പ്പിച്ചു.

കേസിലെ എഫ്‌ഐആറും തുടര്‍ന്നുള്ള നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കേസില്‍ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ക്ക് ശേഷം എഫ്‌ഐആര്‍ നിലനില്‍ക്കുമെന്ന് കണ്ടെത്തുകയും തുടരന്വേഷണം നടത്താനും ഉത്തരവിട്ടു. കേസിലെ കുറ്റാരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും അന്വേഷണം നടത്താനും കേസ് സിബി ഐയെ കൊണ്ട് അന്വേഷിക്കേണ്ടതില്ലെന്നും ഉത്തരവായിട്ടുള്ളതാണ്. ഇത് ഹൈക്കോടതി ജാമ്യം റദ്ദാക്കാനുള്ള പരമപ്രധാനമായ തെളിവാണ്', പ്രോസിക്യൂഷന്‍ പറഞ്ഞു.

കേസിലെ എട്ടാം പ്രതിയടക്കമുള്ള പ്രതികളോട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ജനുവരി 31ന് ആറ് ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുള്ളതാണ്. പിന്നീട് ഈ ആറ് ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് അയച്ചുകൊടുക്കുകയുണ്ടായി. ഈ ആറ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഫോണുകളില്‍ അടങ്ങിയിരുന്ന ബഹുഭൂരിപക്ഷം ഡാറ്റകളും നീക്കം ചെയ്തതായി കണ്ടെത്തിയിട്ടുള്ളതാണ്. അത് തെളിയിക്കുന്ന ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ടിന്റെ കോടതിയക്ക് മുമ്പാകെ നല്‍കിയിട്ടുള്ളതാണ്. ഈ റിപ്പോര്‍ട്ടില്‍ ദിലീപ് ഉപയോഗിച്ചിരുന്ന ഐഫോണുകളില്‍ ഡാറ്റകള്‍ നശിപ്പിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

മേല്‍പ്പറഞ്ഞ ഫോണുകളില്‍ നാല് ഫോണുകള്‍ മുംബൈയിലുള്ള ലാബ്‌സ് സിസ്റ്റംസ് ഇന്ത്യയിലേക്ക് കൊണ്ടുപോയി അവയിലെ ഡാറ്റകള്‍ നശിപ്പിക്കുന്നതിനായി ശ്രമം നടത്തിയതായി മനസ്സിലായിട്ടുള്ളതാണ്. ഈ നാല് ഫോണുകളില്‍ വിവോ ഫോണും ഹോണര്‍ ഫോണും ഹൈക്കോടതി മുമ്പാകെ ഹാജരാക്കിയെങ്കിലും ഐഫോണും സാംസങ് ഫോണും ഇത് വരെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കിയിട്ടില്ലാത്തതാണ്. ഈ ഫോണുകള്‍ സാക്ഷികളായ സൂരജിനോടും അനുപിനോടും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും മന:പൂര്‍വ്വം ഒഴിഞ്ഞുമാറുകയാണ്.

ഫോണുകള്‍ പരിശോധിക്കുന്നതിനുവേണ്ടി മുംബൈയിലെ ലാബ്‌സ് സിസ്റ്റംസ് ഇന്ത്യയിലേക്ക് ദിലീപിന്റെ അഭിഭാഷകന്‍ നാല് ഫോണുകള്‍ മുംബൈയിലേക്ക് അയച്ചുകൊടുത്തിട്ടുള്ളതും അപ്രകാരം ഫോണുകള്‍ അയച്ചതായി കാണിക്കുന്ന ഡിടിഡിസിയുടെ കൊറിയര്‍ സര്‍വ്വീസിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുള്ളതാണ്. ലാബ്‌സ് സിസ്റ്റംസ് ഇന്ത്യയുടെ ഡയറക്ടറായ യോഗേന്ദ്ര യാദവ് എട്ടാം പ്രതിയുടെ നിര്‍ദേശപ്രകാരം എട്ടാം പ്രതിയുടെ അഭിഭാഷകന്‍ അയച്ചുകൊടുത്ത മൊബൈല്‍ ഫോണുകളിലെ ഡാറ്റകള്‍ എക്‌സ്ട്രാക്റ്റ ചെയ്തതായി മൊഴി നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ജനുവരി 30ാം തിയതി അഭിഭാഷകരായ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍, ശുഭ, നിത്യ എന്നിവര്‍ മുംബൈയില്‍ പോയതായി തെളിയിക്കുന്ന നെടുമ്പശ്ശേരി എയര്‍പോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും എയര്‍പോര്‍ട്ടിലെ രേഖകളും കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

അന്വേഷത്തിന്റെ ഭാഗമായി ഫെബ്രുവരി 24ന് ലാബ് സിസ്റ്റംസ് ഇന്ത്യയില്‍ നിന്നും നാല് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമായതിന്റെയും അവയില്‍ നിന്നും മിറര്‍ ഇമേജിന്റെയും സോഫ്റ്റ് കോപ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നീട് പൊലീസിന്റെ അന്വേഷണത്തില്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ ആറ് ഫോണുകളില്‍ രണ്ടെണ്ണം എട്ടാം പ്രതിയുടെ ആവശ്യപ്രകാരം എട്ടാം പ്രതിയുടെ അഭിഭാഷകര്‍ സായി ശങ്കര്‍ എന്ന വ്യക്തിയെ ഏല്‍പ്പിക്കുകയും അപ്രകാരം ഏല്‍പ്പിച്ച ഫോണുകളില്‍ നിന്നുള്ള പ്രധാനപ്പെട്ട ഡാറ്റകള്‍ സായിശങ്കര്‍ നീക്കം ചെയ്തിട്ടുള്ളതാണെന്ന് തെളിവായിട്ടുള്ളതാണ്.

ഹൈക്കോടതി മുമ്പാകെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണുകള്‍ കൃതിമത്വം വരുത്താതെ ഹാജരാക്കിയാല്‍ ഈ കേസിലെ പ്രതിയായ ദിലീപിന്റെ ഗൂഢാലോചനകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്താകുമെന്ന ഭയത്താലാണ് ലാബ്‌സ് സിസ്റ്റംസ് ഇന്ത്യ ലബോറട്ടറിയിലും സായ് ശങ്കര്‍ എന്നയാളെ ഉപയോഗിച്ചും ഫോണുകളിലെ ഡാറ്റകള്‍ മന:പൂര്‍വം നശിപ്പിച്ചു കളഞ്ഞിട്ടുള്ളതായാണ് വെളിവായിട്ടുള്ളത്. ഒരു കേസില്‍ പ്രതിയായിരിക്കേ ആ കേസിലെ വസ്തുതകളുമായി ബന്ധപ്പെടുത്തുന്ന ഏതെങ്കിലും തെളിവുകള്‍ നശിപ്പിക്കുകയോ തെളിവുകള്‍ മന:പൂര്‍വ്വം മറച്ച് വെക്കുകയോ ചെയ്യുന്നത് അപ്രകാരം ചെയ്യുന്ന പ്രതിയുടെ ജാമ്യം റദ്ദാക്കുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്നാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ വിവിധ തരത്തില്‍ സ്വാധിനീക്കാന്‍ ശ്രമിച്ചെന്നും അതിന് തെളിവായി വിവിധ വോയ്‌സ് ക്ലിപ്പുകളും തെളിവായി പ്രോസിക്യൂഷന്‍ മുന്നോട്ട് വെച്ചു. സാക്ഷികളുടെ വിശദവിവരങ്ങളും പ്രോസിക്യൂഷന്‍ നല്‍കിയ സംക്ഷിപ്ത രൂപത്തിലുണ്ട്.

Story Highlights: prosecution submitt argument note at court on actress attacked case

Next Story

Popular Stories