Top

കോവിഡ് ടെസ്റ്റിനായി പോയ അമ്മയെയും മകനെയും തടഞ്ഞ് വച്ചു, അശ്ലീലം പറഞ്ഞു; വയനാട്ടില്‍ എസ്‌ഐക്ക് എതിരെ പരാതി

1 Feb 2022 12:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോവിഡ് ടെസ്റ്റിനായി പോയ അമ്മയെയും മകനെയും തടഞ്ഞ് വച്ചു, അശ്ലീലം പറഞ്ഞു; വയനാട്ടില്‍ എസ്‌ഐക്ക് എതിരെ പരാതി
X

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വയനാട്ടില്‍ അമ്മയെയും മകനെയും പൊലീസ് അകാരണമായി തടഞ്ഞുവച്ച് മര്‍ദിച്ചതായി പരാതി. കൊവിഡ് ടെസ്റ്റിന് വേണ്ടി പോവുന്നതിനിടെ മീനങ്ങാടിയില്‍ വച്ചായിരുന്നു പൊലീസിന്റെ കയ്യേറ്റം എന്നാണ് ആക്ഷേപം. കഴിഞ്ഞ ഞായറാഴ്ച ലോക്ക്ഡൗണ്‍ പരിശോധനയ്ക്കിടെ ആയിരുന്നു സംഭവം.

മീനങ്ങാടി എസ്‌ഐ ശ്രീധരനെതിരെയാണ് പരാതി. കോളേരി സ്വദേശികളായ ശ്രീകല, അര്‍ജുന്‍ എന്നിവരാണ് പൊലീസ് ഉദ്യോഗസ്ഥന് എതിരെ പരാതി നല്‍കിയത്. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്കാണ് അമ്മയും മകനും പരാതി നല്‍കിയത്

അമ്മയെയും മകനെയും തടഞ്ഞു വെച്ച് കയ്യേറ്റം ചെയ്തതായും, അശ്ലീലം പറഞ്ഞ് ആക്ഷേപിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. കോവിഡ് ടെസ്റ്റിനായി പോയ തങ്ങളെ വഴിയില്‍ പൊലീസ് പരിശോധനയ്ക്കായി തടയുകയും കൊവിഡ് ടെസ്റ്റിനായി പോവുകയാണ് എന്ന് അറിയിച്ചിട്ടും ചെവിക്കൊണ്ടില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മകന്‍ കൊവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് ഇരുവരും ക്വാറന്റൈയ്‌നില്‍ ആയിരുന്നു, ഇതിനിടെ അമ്മയ്ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധിക്കാന്‍ പോവുകയുമായിരുന്നു ഇരുവരും. ഇതിനിടെ ആണ് പൊലീസ് തടയുന്നതും വാക്കേറ്റം ഉണ്ടാവുന്നതും. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Next Story