Top

'ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല'; കെസി വേണുഗോപാല്‍ നടപ്പാക്കുന്നത് രാഹുലിന്റെ തീരുമാനങ്ങളെന്ന് പിജെ കുര്യന്‍

'പാര്‍ട്ടി പിളര്‍ത്തുക എന്ന ലക്ഷ്യം ജി23ക്ക് ഇല്ല'

17 March 2022 6:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല; കെസി വേണുഗോപാല്‍ നടപ്പാക്കുന്നത് രാഹുലിന്റെ തീരുമാനങ്ങളെന്ന് പിജെ കുര്യന്‍
X

കൊച്ചി: തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തില്‍ നിന്നും ശശി തരൂരിന് പുറമേ ജി23 ഗ്രൂപ്പില്‍ ഉള്‍പ്പെട്ട നേതാവാണ് പിജെ കുര്യന്‍. കഴിഞ്ഞ ദിവസം ഗുലാം നബി ആസാദിന്റെ വസതിയില്‍ നടന്ന ഗ്രൂപ്പ് യോഗത്തില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു.

കെസി വേണുഗോപാലിനെ എഐസിസി സെക്രട്ടറിയായി നിയമിച്ചു. രാഹുല്‍ ഗാന്ധി എടുക്കുന്ന തീരുമാനം നടപ്പാക്കുകയാണ് കെസി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയുടെ ആഗ്രഹങ്ങളും തീരുമാനങ്ങളുമാണ് കെസി വേണുഗോപാല്‍ നടപ്പാക്കുന്നത് എന്ന് വ്യക്തമല്ലേ എന്നും അദ്ദേഹം ചോദിച്ചു.

പാര്‍ട്ടി പിളര്‍ത്തുക എന്ന ലക്ഷ്യം ജി23ക്ക് ഇല്ല. കൂട്ടായ നേതൃത്വം ആവശ്യമുണ്ട്. മെറിറ്റും യോഗ്യതയും അടിസ്ഥാനപ്പെടുത്തി വേണം ഭാരവാഹി നിയമനങ്ങള്‍. സോണിയാ ഗാന്ധിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് യാതൊരു പരാതിയുമില്ല. എല്ലാവരോടും ആലോചിച്ച് കൂട്ടായ തീരുമാനം എടുക്കുന്നതാണ് സോണിയാ ഗാന്ധിയുടെ രീതി. ഇപ്പോള്‍ സോണിയാ ഗാന്ധിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതിനുള്ള പരിഹാരം കാണണം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് അല്ലാതെ തീരുമാനം എടുക്കുന്നത് ശരിയല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

'പാര്‍ട്ടി ശക്തിപ്പെടുത്താനും തിരുത്തലുകളും വരുത്താനുമാണ് ജി23 ആവശ്യം. കൂട്ടായ നേതൃത്വം വേണമെന്നാണ് ആവശ്യം. ചര്‍ച്ചകളിലൂടെ തീരുമാനം എടുക്കണം. മെറിറ്റും യോഗ്യതയും അടിസ്ഥാനപ്പെടുത്തി വേണം നിയമനങ്ങള്‍ നടത്താന്‍. തെരഞ്ഞെടുപ്പിലൂടെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയാല്‍ അംഗീകരിക്കും. എഐസിസി സമ്മേളനം നടത്തി പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം. നെഹ്റു കുടുംബത്തിന് പുറത്ത് നിന്നും ആയാല്‍ കുഴപ്പമില്ല. കുടുംബത്തില്‍ നിന്നാവണം പ്രസിഡന്റ് എന്ന് നിര്‍ബന്ധമില്ല. സ്ഥിരമായ പ്രസിഡന്റ് ഉണ്ടാവണം. പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരണം. ജി23 കൊഴിയുന്നില്ല. പുതിയ ആളുകള്‍ വരുന്നുണ്ട്. കൂടുതല്‍ ആളുകള്‍ കേരളത്തില്‍ നിന്നും പിന്തുണ അറിയിച്ചു. താന്‍ നേരത്തേയുണ്ട്. രാഹുല്‍ ഗാന്ധിയെ മാത്രമായി കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, പ്രവര്‍ത്തന ശൈലിയ്ക്ക് തോല്‍വികളില്‍ പങ്കുണ്ട്', അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: PJ Kurien says don't attack KC Venugopal as he is implementing Rahul's decisions

Next Story