Top

'ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വന്‍ സാമ്പത്തിക റാക്കറ്റ്, മുഖ്യമന്ത്രിയും വീണാ വിജയനും പങ്കാളി': പി സി ജോര്‍ജ്

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും പി സി ജോര്‍ജ്

3 July 2022 2:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വന്‍ സാമ്പത്തിക റാക്കറ്റ്, മുഖ്യമന്ത്രിയും വീണാ വിജയനും പങ്കാളി: പി സി ജോര്‍ജ്
X

കോട്ടയം: മുഖ്യമന്ത്രിക്കും മകള്‍ വീണാ ജോര്‍ജിനുമെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ എംഎല്‍എ പി സി ജോര്‍ജ്. വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വലിയ സാമ്പത്തിക റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മകള്‍ വീണാ വിജയനും ഇതിന്റെ പങ്കാളിയാണ്. വീണാ വിജയന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെ കള്ളക്കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

'മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ഇന്നലെ രാത്രി വൈകി ജാമ്യം കിട്ടി. സാക്ഷിയെ സ്വാധീനിക്കാന്‍ പാടില്ല, കേസന്വേഷണത്തില്‍ ഇടപെടരുത് എന്നൊക്കെയാണ് നിബന്ധന. അത് നൂറ് ശതമാനം പാലിക്കും. പിണറായി വിജയന്‍ അമേരിക്കയ്ക്ക് പോയി. രണ്ട് ദിവസം കഴിഞ്ഞ് വീണാ വിജയന്‍ അമേരിക്കക്ക് പോയി. ശേഷം മുഖ്യമന്ത്രി യുഎഇയിലേക്ക് പോയി. കഴിഞ്ഞ് വീണാ വിജയനും. മുഖ്യമന്ത്രി ഓസ്‌ട്രേലിയക്ക് പോയപ്പോഴും തൊട്ടടുത്ത ദിവസം വീണയും പോയി. ഇതൊരു വലിയ സാമ്പത്തിക റാക്കറ്റാണ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയ സാമ്പത്തിക കൊള്ളസംഘം. അതിന്റെ പങ്കാളിയാണ് മുഖ്യമന്ത്രിയും മകളും. ഭാര്യക്ക് ഇക്കാര്യങ്ങള്‍ അറിയായിരിക്കും. എന്നാല്‍ അവര്‍ ഇതിന്റെ പങ്കാളിയാണെന്ന് പറയുന്നില്ല. ഇത് പറയുന്നവരെയൊക്കെ ശരിപ്പെടുത്തികളയാം എന്ന് പറയുന്ന മര്യാദയല്ല.' പി സി ജോര്‍ജ് വിശദീകരിച്ചു.മുഖ്യമന്ത്രി കള്ളസാക്ഷികളെ സൃഷ്ടിക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു. താന്‍ പള്ളിക്കൂടത്തില്‍ പോയക്കാലത്തെ കേസ് ഉള്‍പ്പെടെയാണ് ചുമത്തികൊണ്ടിരിക്കുന്നത്. പിണറായി വിജയന്റെ തമാശക്കൊക്കെ ഇതുവരെ നിന്നുകൊടുത്തു. ഇനി അതുണ്ടാവില്ല. മാനനഷ്ടക്കേസ് കൊടുക്കുമെന്നും പി സി ജോര്‍ജ് വിശദീകരിച്ചു.

'ഇന്നലെ ക്രൈംബ്രാഞ്ച് വിളിപ്പിച്ച് രണ്ട് മണിക്കൂറിന് ശേഷം ലോകകാര്യവും തമാശയും നാട്ടുകാര്യവും എല്ലാം പറഞ്ഞു. അവര്‍ തമാശ രൂപത്തിലാണ് തെളിവ് എടുത്തത്. ഞാന്‍ അവരോട് സഹകരിച്ചു. ഞാനും സ്വപ്‌നാ സുരേഷും കൂടി മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഞാന്‍ സ്വപ്നയെ രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ട്. അവരുമായി എന്ത് ഗൂഢാലോചനയാണ് നടത്തിയത്. മുഖ്യമന്ത്രിയെ താഴെ ചാടിക്കാന്‍ അതിന്റെ ആവശ്യം ഇല്ല. 13 ഓഫീസര്‍മാരെയാണ് തന്നെ ചോദ്യം ചെയ്യാന്‍ വെച്ചത്. സരിതയെ മുറിയിലേക്ക് വിളിപ്പിച്ചോവെന്നായിരുന്നു ആദ്യ ചോദ്യം. സുനില്‍കുമാര്‍ ആലപ്പുഴ കൂട്ടത്തില്‍ ഉണ്ടായിരുന്നോയെന്ന് ചോദിച്ചു. അവര്‍ ഫേട്ടോ കാണിച്ചു തന്നിട്ട് പോലും എനിക്ക് ആളെ അറിയില്ലായിരുന്നു.

എഫ്‌ഐആറില്‍ സരിത പറയുന്നത് പിസി ജോര്‍ജിനൊപ്പം സുനില്‍കുമാര്‍ തൊടുപുഴ ഉണ്ടായിരുന്നുവെന്നാണ്. അതായത് എഫ്‌ഐആറില്‍ സുനില്‍കുമാര്‍ തൊടുപുഴയാണെങ്കില്‍ എന്നോട് ചോദിക്കുന്നത് സുനില്‍കുമാര്‍ ആലപ്പുഴയെക്കുറിച്ചാണ്. മനപ്പൂര്‍വ്വം സാക്ഷിയെ സൃഷ്ടിക്കുകയാണ് പിണറായി വിജയന്‍. എന്റെ ഗണ്‍മാന്‍ മുറിയില്‍ ഉണ്ടായിരുന്നു. കള്ളക്കേസെടുത്തിട്ട് പിണറായി വിജയന്‍ എങ്ങനെ മുമ്പോട്ട് പോകും. ഞാന്‍ പള്ളിക്കൂടത്തില്‍ പോയക്കാലത്തെ കേസ് ഉള്‍പ്പെടെയാണ്. എന്റെ ഭാര്യയെ ഉള്‍പ്പെടെ പ്രതിയാക്കാന്‍ പോവുകയാണ്. ഞാന്‍ അതിനെക്കുറിച്ചൊന്നും ബോദേര്‍ഡ്അല്ല. അതെല്ലാം കൈകാര്യം ചെയ്യാനുള്ള വിദ്യാഭ്യാസം അവള്‍ക്കുണ്ട്. പിണറായി വിജയന്റെ തമാശക്കൊക്കെ ഇതുവരെ നിന്നുകൊടുത്തു. മാനനഷ്ടക്കേസ് കൊടുക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ. ഒരു ദിവസം തിരുവനന്തപുരം വിളിപ്പിച്ചു, പിന്നെ എറണാകുളത്ത്. ഇവിടെയെല്ലാം ഞാന്‍ പോയി. എന്ത് ഇടപാട് ആണിത്.' പി സി ജോര്‍ജ് ചോദിച്ചു.

Next Story