Top

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വധം; ഒരാള്‍ കൂടി പിടിയില്‍

24 Nov 2021 1:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വധം; ഒരാള്‍ കൂടി പിടിയില്‍
X

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസില്‍ സഞ്ജിത്തിനെ ഭാര്യയുടെ കണ്‍മുന്നില്‍ നടന്ന കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് അറസ്റ്റിലായത്. ഇയാളും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യക്തിയാണെന്നാണ് വിവരം. തിരിച്ചറിയല്‍ പരേഡ് നടക്കാന്‍ ഉള്ളതിനാല്‍ പ്രതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് രണ്ടാമത്തെയാളെ അറസ്റ്റ് ചെയ്തത്.

ഡ്രൈവറും സംഭവത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളുമായ വ്യക്തിയെ ആണ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരെ കാറില്‍ സംഭവസ്ഥലത്ത് എത്തിച്ചത് ഇയാളാണെന്നാണ് വിലയിരുത്തല്‍. മുണ്ടക്കയത്ത് നിന്നും പിടിയിലായ ഇയാളെ റിമാന്‍ഡ് ചെയ്യ്തിരിക്കുകയാണ്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊലപാതക കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

ഇയാളുമായി ഇന്നലെ അന്വേഷണ സംഘം തെളിവെടുപ്പും നടത്തിയിരുന്നു. കൊലപാതകം നടന്ന കിണാശ്ശേരി മമ്പ്രം, തത്തമംഗലം ഡ്രൈവിങ് സ്‌കൂള്‍ ഗ്രൗണ്ട് പരിസരം, ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഉപേക്ഷിച്ച കണ്ണനൂര്‍ ദേശീയപാത സര്‍വീസ് റോഡ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. ഇയാള്‍ ഉള്‍പ്പെടെ 5 പേരാണ് സഞ്ജിത്തിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നത് എന്നാണ് വിലയിരുത്തുന്നത്. കൊലപാതകത്തില്‍ 5 പേര്‍ക്ക് നേരിട്ടു പങ്കെന്ന് വിലയിരുത്തുമ്പോഴും ഗൂഢാലോചനയിലടക്കം കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Next Story