Top

'ഇത്തരക്കാര്‍ പാവങ്ങളെ കെണിയില്‍പ്പെടുത്തുന്നു'; വയനാട്ടില്‍ മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ നോട്ടീസ് പ്രതിഷേധം

പ്രവാസികളുടെ പ്രളയ സഹായമടക്കം തട്ടിയയെടുത്തതായാണ് നോട്ടീസിലെ ആരോപണം.

12 Nov 2021 5:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇത്തരക്കാര്‍ പാവങ്ങളെ കെണിയില്‍പ്പെടുത്തുന്നു; വയനാട്ടില്‍ മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ നോട്ടീസ് പ്രതിഷേധം
X

മുസ്ലീം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രവര്‍വര്‍ത്തകര്‍. നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകര്‍ നോട്ടീസ് വിതരണം ചെയ്തു. ജില്ലയിലെ നേതാക്കള്‍ കെഎംസിസി ഫണ്ടുകളില്‍ വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പ്രവാസികളുടെ പ്രളയ സഹായമടക്കം തട്ടിയയെടുത്തതായാണ് നോട്ടീസിലെ ആരോപണം.

അണികള്‍ക്കും നേതൃത്വത്തിനും ചില വ്യക്തികളോടുള്ള കടപ്പാട് മുതലെടുത്ത് സ്വന്തം കുടുംബത്തിന്റെ നേട്ടത്തിനും സ്ഥാന ലബ്ദികള്‍ക്കും വേണ്ടി ചൂഷണം നടത്തുന്നത് വലിയ കളങ്കമാണ് പ്രസ്ഥാനത്തിന് വരുത്തിവെച്ചതെന്നാണ് നോട്ടീസിലെ ആക്ഷേപം. പ്രവാസികളില്‍ നിന്നും പറ്റിച്ചെടുത്ത പണത്തിന് വല്ല കൈയും കണക്കുമുണ്ടോയെന്നും സമുദായത്തിന്റെയും പ്രസ്ഥാനത്തിന്റേയും പേരു പറഞ്ഞു കള്ള കച്ചവട സ്ഥാപനങ്ങളില്‍ പങ്കാളികളിക്കാമെന്ന് വ്യാമോഹിപ്പിച്ച്, പാവങ്ങളെ കെണിയില്‍പ്പെടുത്തുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്നും ആരോപണം.

പ്രാസ്ഥാനത്തെ നെഞ്ചേറ്റുന്ന പ്രവാസികളില്‍ നിന്നും കൈക്കലാക്കിയ കോടികളാണ് ഇത്തരം തട്ടിപ്പുകാരുടെ ആര്‍ഭാട ജീവിതത്തിന്റെ മൂലധനമെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. ഇത്തരം തട്ടിപ്പിനായി വയനാട്ടിലും കോഴിക്കോട് ജില്ലയിലുമായി പല സ്ഥലത്തും തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സൂപ്പര്‍ തട്ടിപ്പു കേന്ദ്രങ്ങളായിരുന്നില്ലേയെന്നും നോട്ടീസില്‍ കൂറ്റപ്പെടുത്തുന്നു.






ഫണ്ട് തട്ടിപ്പ് നടന്നെന്ന് ചൂണ്ടിക്കാട്ടി പാണക്കാട് തങ്ങള്‍ക്ക് ലീഗ് നേതാവ് നേരത്തെ കത്തയച്ചത് ഉള്‍പ്പെടെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പ്രളയദുരിതാശ്വാസ ഫണ്ട് മുസ്ലീം ലീഗ് വയനാട് ജില്ലാ കമ്മറ്റി തട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമായ സി മമ്മി പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് കത്ത് നല്‍കിയത്. പ്രളയ ദുരിതാശ്വാസത്തിന് കെഎംസിസി വഴി സമാഹരിച്ച വന്‍ തുകയുടെ വിതരണത്തില്‍ വ്യാപക ക്രമക്കേട് നടന്നെന്നാണ് ആരോപണം. ക്രമക്കേട് നടത്തിയതായും പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയത ഉള്ളതായും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story