Top

വിഴിഞ്ഞം സര്‍വ്വകക്ഷി യോഗത്തിന് വിളിച്ചില്ലെന്ന് ആര്‍എസ്പി; 'സ്ഥലത്തില്ലാത്ത മതമേലധ്യക്ഷന്മാരെ കള്ളക്കേസില്‍ കുടുക്കി'

ഞായറാഴ്ച്ച രാത്രിയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെയാണ് വിഴിഞ്ഞത്ത് സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്.

29 Nov 2022 4:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞം സര്‍വ്വകക്ഷി യോഗത്തിന് വിളിച്ചില്ലെന്ന് ആര്‍എസ്പി; സ്ഥലത്തില്ലാത്ത മതമേലധ്യക്ഷന്മാരെ കള്ളക്കേസില്‍ കുടുക്കി
X

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ആര്‍എസ്പിയെ ക്ഷണിച്ചില്ലെന്ന് ആക്ഷേപം. സര്‍വ്വകക്ഷിയോഗത്തിന് വിളിക്കാത്തത് അപലപനീയമാണെന്ന് ജില്ലാ സെക്രട്ടറി ഇറവൂര്‍ പ്രസന്നകുമാര്‍ പറഞ്ഞു. വിഴിഞ്ഞത്തെ അക്രമസംഭവങ്ങള്‍ നീതീകരിക്കാനാവുന്നതല്ലെന്നും ആര്‍എസ്പി പ്രതികരിച്ചു. സ്ഥലത്തില്ലാത്ത മതമേലധ്യക്ഷന്മാരെ കള്ളക്കേസില്‍ കുടുക്കി വിഷയം സങ്കീര്‍ണമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച്ച രാത്രിയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെയാണ് വിഴിഞ്ഞത്ത് സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്. പദ്ധതിക്ക് സമരസമിതി ഒഴികെ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു. വിഴിഞ്ഞത്ത് സംഭവിച്ചത് കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ്. പൊലീസ് ആത്മസംയമനം പാലിച്ചു. സര്‍വ്വകക്ഷി യോഗത്തിന്റെ സ്പിരിറ്റ് സമരക്കാര്‍ ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം ലഹളയുണ്ടാക്കല്‍, പൊലീസ് സ്റ്റേഷന്‍ ആക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇതിന് പുറമേ വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോ ആക്രമിച്ച് ബസുകള്‍ തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബസ് തകര്‍ത്തതിലൂടെ 7,96,000 രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Story Highlights: not invite for an all-party meeting in vizhinjam rsp

Next Story