ബാബുവിനെതിരെ കേസെടുക്കേണ്ടതില്ല, നടപടികള്‍ നിര്‍ത്താന്‍ നിര്‍ദേശിച്ച് വനം മന്ത്രി
10 Feb 2022 5:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട് മലമ്പുഴ കുറുമ്പാച്ചി മലയില്‍ ട്രെക്കിങ്ങിനിടെ പാറയിടുക്കില്‍ കുടുങ്ങിയ യുവാവിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്. ബുധനാഴ്ച രാവിലെ സൈന്യത്തിന്റെ നേതൃത്വത്തില്‍ മലമ്പുഴ ചെറാട് സ്വദേശി ആര് ബാബു (23) വിനെതിരെ വനമേഖലയില്‍ അതിക്രമിച്ച് കടന്നതിന് കേസെടുത്തേിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ബാബുവിനെതിരെ നടപടി ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചു. നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
സംരക്ഷിത വനമേഖലയിലേക്ക് അതിക്രമിച്ച് കടന്നു എന്ന് ചൂണ്ടിക്കാട്ടി കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരം ബാബുവിന് എതിരെ കേസെടുക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ സെക്ഷന്‍ ഓഫീസര്‍ ബാബുവിനെ കണ്ട് മൊഴിയെടുക്കാനിരിക്കെയാണ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ മന്ത്രി ഇടപെട്ട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാബുവിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് എതിരെയും നടപടി ഉണ്ടായേക്കും എന്നായിരുന്നു റിപ്പോര്‍ട്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ആയിരുന്നു കുറുമ്പാച്ചി മലയിലെ പാറയിടുക്കില്‍ ബാബു അകപ്പെട്ടത്. 43 മണിക്കൂറിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് സൈന്യം ബാബുവിനെ രക്ഷപ്പെടുത്തിയത്. പിന്നാലെ ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീര വേദയുണ്ടെങ്കിലും ബാബുവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്.