'എല്ലാം വേണ്ടപോലെ ചെയ്യാമെന്നാണ് അജിത് പറഞ്ഞത്, അബോഷന് അനുപമയെ സമ്മതിപ്പിക്കാമെന്ന് വാക്കും തന്നിരുന്നു'; നസിയ
ഇനിയെങ്കിലും നീതി ലഭിക്കണമെന്ന് ആഗ്രഹിച്ചാണ് സംസാരിക്കുന്നതെന്നും നസിയ പറഞ്ഞു.
23 Oct 2021 4:25 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നീതിക്കുവേണ്ടിയാണ് ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുന്നതെന്നും ആരുടെയും പ്രേരണയിലല്ല സംസാരിക്കുന്നതെന്നും അജിത്തിന്റെ മുന്‍ഭാര്യ നസിയ. അനുപമയുടെ കാര്യമറിഞ്ഞപ്പോള്‍ അബോഷന് സമ്മതിപ്പിക്കാമെന്നായിരുന്നു അജിത് വാക്കു നല്‍കിയത്. പിന്നീട് വിവാഹമോചനത്തിനായി തന്നെ അജിത് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും നസിയ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറിലായിരുന്നു പ്രതികരണം.
മാതാപിതാക്കളെ ഓര്‍ത്താണ് ഇത്രയും നാള് ഇക്കാര്യങ്ങളൊന്നും വെളിപ്പെടുത്താതെയിരുന്നതെന്നും ഇനിയെങ്കിലും നീതി ലഭിക്കണമെന്ന് ആഗ്രഹിച്ചാണ് സംസാരിക്കുന്നതെന്നും നസിയ പറഞ്ഞു.
നസിയ പറഞ്ഞത്:
ഇത്രയും നാള് ഉമ്മയെയും വാപ്പയെയും ഓര്‍ത്താണ് പൊതുമധ്യത്തില്‍ വരാതിരുന്നത്. ഞാനൊരുപാട് അനുഭവിച്ചതാണ്. അനുപമയുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോഴെല്ലാം എന്നോട് ദേഷ്യപ്പെടുകയാണ് അജിത് ചെയ്തിട്ടുള്ളത്. പോക്കറ്റില്‍ പ്രഗ്നന്‍സി ടെസ്റ്റ് കണ്ട് ചോദിച്ചപ്പോള്‍ ആദ്യം അവഗണിച്ചെങ്കിലും പിന്നീട് ആവര്‍ത്തിച്ചുചോദിച്ചപ്പോള്‍ നെടുമങ്ങാടുള്ള ഒരു കുട്ടിയാണെന്നാണ് അജിത് പറഞ്ഞത്. പിന്നീടൊരിക്കല്‍ അനുപമയുടെ മെസേജ് കണ്ടപ്പോഴാണ് ആരാണെന്ന് മനസിലായത്. അപ്പോഴും അജിത് അത് നിഷേധിക്കുകയാണ് ചെയ്തത്. അന്നും വീട്ടിലെ പ്രശാനം മറ്റാരും അറിയണ്ടന്ന് കരുതിയാണ് ആരോടും ഒന്നും പറയാതിരുന്നത്.
ഞാന്‍ തന്നെ വേണ്ടത് ചെയ്തോളാമെന്നും അബോഷന് അനുപമയെ സമ്മതിപ്പിക്കാമെന്നുമാണ് അജിത് അന്ന് വാക്കു നല്‍കിയത്. അതെല്ലാം കേട്ടാണ് ഏഴുമാസത്തോളം ഞാന്‍ സമാധാനമായിരുന്നത്. പിന്നീട് എന്റെ മുന്നിലിരുന്ന് അനുപയെ വിളിച്ച് മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അരിവാള്‍ ചൂണ്ടിവരെ അജിത് ഡിവോഴ്സിനായി എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇക്കാലത്തെല്ലാം എന്നെ വീട്ടില്‍ തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നു. അതിനെക്കുറിച്ചും ഞാനിതുവരെ പരാതിപ്പെട്ടിട്ടില്ല. ഇതിന്റെയെല്ലാം വീഡിയോ തെളിവായി തന്റെ പക്കലുണ്ടെന്നും നസിയ പറഞ്ഞു.