Top

നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ലെന്ന് എംവി ഗോവിന്ദന്‍; 'തീരുമാനിക്കേണ്ടത് സര്‍ക്കാര്‍'

''നിയമസഭാ സമ്മേളനം തുടരുകയാണ്. നയപ്രഖ്യാപനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാർ.''

15 Dec 2022 6:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ലെന്ന് എംവി ഗോവിന്ദന്‍; തീരുമാനിക്കേണ്ടത് സര്‍ക്കാര്‍
X

തിരുവനന്തപുരം: നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിയമസഭാ സമ്മേളനം തുടരുകയാണ്. നയപ്രഖ്യാപനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

''നയപ്രഖ്യാപനം ഒഴിവാക്കുമെന്ന് ആരാണ് പറഞ്ഞത്. നയപ്രഖ്യാപനപ്രസംഗം സംബന്ധിച്ച് സര്‍ക്കാരാണ് തീരുമാനിക്കുന്നത്. അതെല്ലാം തീരുമാനിച്ച് മുന്നോട്ട് പോകും.''-എംവി ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം മൂര്‍ച്ഛിച്ച പശ്ചാത്തലത്തിലാണ്, നയപ്രഖ്യാപനം തല്‍ക്കാലത്തേക്ക് ഒഴിവാക്കിയത്. പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സഭ സമ്മേളനത്തിലും പുതു വര്‍ഷത്തിലെ ആദ്യ സഭാ സമ്മേളനത്തിലും ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തണമെന്നാണ് ഭരണഘടനാ വ്യവസ്ഥ. സംസ്ഥാന ഗവര്‍ണറായിരുന്ന രാം ദുലാരി സിന്‍ഹയുമായി ഇകെ നായനാര്‍ സര്‍ക്കാര്‍ ഇടഞ്ഞ 1989ല്‍ ഡിസംബറിലെ സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടിയിരുന്നു. ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി, ബംഗാള്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ നയപ്രഖ്യാപനം തത്കാലം ഒഴിവാക്കിയിരുന്നു. ഇതെല്ലാം മാതൃക ആക്കിയാണ് സര്‍ക്കാര്‍ നയപ്രഖ്യാപനം വെട്ടിയത്. എന്നാല്‍ നയപ്രഖ്യാപനം ഗവര്‍ണറുടെ ഭരണഘടനാ അവകാശമാണ്. അതിനാല്‍ തന്നെ നയപ്രഖ്യാപനം തത്കാലം നീട്ടാന്‍ സര്‍ക്കാരിന് സാധിക്കുമെങ്കിലും എട്ടാം സമ്മേളനം നയപ്രഖ്യാപനത്തോടെയാകും തുടങ്ങുക.

2023ലെ നിയമസഭാ സമ്മേളനത്തിനായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലേക്ക് ആവശ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Next Story