Top

'പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ബാധ്യത'; ജാഥ നടത്തിയത് കൊണ്ട് രക്ഷപ്പെടാനാകില്ലെന്ന് എം വി ഗോവിന്ദന്‍

ബിജെപി ഭരിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളെ പൂര്‍ണമായും ജാഥാ റൂട്ടില്‍നിന്ന് ഒഴിവാക്കി ഈ ലക്ഷ്യം എങ്ങനെ നേടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു

15 Sep 2022 5:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ബാധ്യത; ജാഥ നടത്തിയത് കൊണ്ട് രക്ഷപ്പെടാനാകില്ലെന്ന് എം വി ഗോവിന്ദന്‍
X

തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ഒരു ബാധ്യതയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിലക്കയറ്റത്തിനും വര്‍ഗീയതയ്ക്കും എതിരെയാണ് ജാഥയെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. ബിജെപി ഭിന്നിപ്പിച്ച ഇന്ത്യന്‍ ജനതയെ യോജിപ്പിക്കുകയാണ് ജാഥയുടെ ലക്ഷ്യമത്രെ. എന്നാല്‍, ബിജെപി ഭരിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളെ പൂര്‍ണമായും ജാഥാ റൂട്ടില്‍നിന്ന് ഒഴിവാക്കി ഈ ലക്ഷ്യം എങ്ങനെ നേടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.

ജാഥ നടത്താനും തങ്ങളുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുമുള്ള കോണ്‍ഗ്രസിന്റെ എല്ലാ അവകാശങ്ങളെയും അംഗീകരിക്കുന്നു. സംഘപരിവാറിന്റെ ഹിന്ദുത്വ കോര്‍പറേറ്റ് അമിതാധികാര പ്രവണതകളെ ശക്തമായി എതിര്‍ക്കുകയാണ് സിപിഐഎം എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

'സത്യഗ്രഹസമരം ഉള്‍പ്പെടെ ഇന്ത്യന്‍ ജനമനസ്സുകളെ കീഴടക്കിയ ജാഥകള്‍ പലതും ഈ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ദണ്ഡിയാത്ര ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച സമരങ്ങളില്‍ ഒന്നായിരുന്നു. ഈവര്‍ഷം ആദ്യം യുപി നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യുപിയില്‍ ഒരുമാസം നീണ്ട പദയാത്രയും റോഡ് ഷോയും നടന്നെങ്കിലും കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒരിഞ്ച് മുന്നേറാനായില്ല. 2017ല്‍ ഏഴ് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇക്കുറി രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് ജാഥ നടത്തിയതുകൊണ്ടു മാത്രം തകര്‍ച്ചയുടെ നെല്ലിപ്പടിയിലായ കോണ്‍ഗ്രസിന് രക്ഷപ്പെടാനാകില്ലെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞു

ആറ് ദശാബ്ദം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിഴല്‍രൂപം മാത്രമാണ് ഇന്നത്തെ പാര്‍ട്ടിയെന്ന വസ്തുത ആദ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കണം. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ദയനീയമായി തോറ്റു. ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള സീറ്റുപോലും ഈ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നേടാനായില്ല. 2018ല്‍ രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാന നിയമസഭകളില്‍ ജയിച്ചതിനുശേഷം ഒരു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജയിച്ചിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിയുടെ വലംകൈയായ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ബിജെപിയിലേക്ക് കൂറുമാറിയപ്പോള്‍ മധ്യപ്രദേശില്‍ അധികാരം നഷ്ടപ്പെട്ടു. മറ്റു രണ്ട് സംസ്ഥാനത്ത് മാത്രമാണ് ഇന്ന് കോണ്‍ഗ്രസിന് അധികാരമുള്ളതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Story highlights: MV Govindan cricized Bharat Jodo Yatra



Next Story