Top

ചീമേനിയിലെ റിട്ട.അധ്യാപികയുടെ കൊലപാതകം; രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം, നിര്‍ണായകമായ തെളിവുകള്‍ നല്‍കിയത് പ്രതിയുടെ പിതാവ്

31 May 2022 8:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചീമേനിയിലെ റിട്ട.അധ്യാപികയുടെ കൊലപാതകം; രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം, നിര്‍ണായകമായ തെളിവുകള്‍ നല്‍കിയത് പ്രതിയുടെ പിതാവ്
X

കാസര്‍ഗോഡ്: ചീമേനി പുലയന്നൂരില്‍ റിട്ട.അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം. റിട്ട. അധ്യാപികയായ ജാനകിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി വിശാഖ്, മൂന്നാം പ്രതി അരുണ്‍ കുമാര്‍ എന്നിവരെയാണ് കാസര്‍ഗോഡ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഗൂഢാലോചന, ഭവനഭേദനം, മോഷണം, വധശ്രമം,കൊലപാതം, എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടു. വിവിധ വകുപ്പുകളിലായി 17 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസിലെ രണ്ടാംപ്രതി റിനീഷിനെ കോടതി വെറുതെവിട്ടു. ഇയാള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

2017 ഡിസംബര്‍ 13നാണ് മോഷണത്തിനിടെ ജാനകി കൊല്ലപ്പെടുന്നത്. ഒന്നാംപ്രതി വിശാഖും മൂന്നാം പ്രതി അരുണും ചേര്‍ന്നാണ് ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജാനകിയുടെ ഭര്‍ത്താവ് കെ കൃഷ്ണനെയും ഇവർ ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു. പ്രതികളിൽ രണ്ട് പേര്‍ ജാനകിയുടെ വിദ്യാർത്ഥികളായിരുന്നു. ജാനകിയെ കൊലപ്പെടുത്തിയ ശേഷം 17 പവന്റെ സ്വര്‍ണാഭരണങ്ങളും 92,000 രൂപയും ഇവര്‍ കനവര്‍ന്നിരുന്നു.

കൃത്യം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടുന്നത്. ഒന്നാം പ്രതി വിശാഖിന്റെ പിതാവാണ് ഇവര്‍ക്കെതിരായ തെളിവുകള്‍ പൊലീസിന് കൈമാറിയത്. വിശാഖിന്റെ സ്വര്‍ണ ഇടപാടുകളരുടെ രശീത് പൊലീസിന് കൈമാറി. അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍, ഡിവൈഎസ്പി കെ ദാമോദരന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ പി വി ജയരാജും കെ ദിനേഷ് കുമാറുമാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. കേസില്‍ രണ്ടാം പ്രതി റിനീഷിനെ വെറുതെവിട്ടതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു.

STORY HIGHLIGHTS: Murder of a retired teacher in Cheemeni; Life imprisonment for two accused

Next Story