Top

വധ ഗൂഢാലോചനാ കേസ്: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വിധി

18 April 2022 10:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വധ ഗൂഢാലോചനാ കേസ്: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വിധി
X

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണം എന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വിധി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജിയില്‍ വിധി പറയുക. കേസ് റദ്ദാക്കുകയോ അല്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നും ആണ് ദിലീപിന്റെ ആവശ്യം.

ഡിവൈഎസ്പി ബൈജു പൗലോസ്, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നിവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിയ വാദം. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ല. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും ദിലീപ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പമാണ് എഫ്‌ഐആര്‍ റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നും ദിലീപ് ആവശ്യപ്പെട്ടത്.

എഴ് പേരാണ് നിലവില്‍ വധ ഗൂഢാലോചന കേസില്‍ പ്രതികളായിട്ടുള്ളത്. ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍. തുടക്കത്തില്‍ ആറ് പേരെ പ്രതികളാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ദിലീപിന്റെ ഫോണുകളില്‍ നിന്ന നിര്‍ണായക വിവരങ്ങള്‍ നീക്കം ചെയ്തു എന്ന് വെളിപ്പെടുത്തിയ ഐടി വിദഗ്ദന്‍ സായ് ശങ്കറിനെയും കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു.

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, വിഐപി എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യവസായി ശരത്ത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Content Highlight: Murder conspiracy case actor Dileep's plea to quash FIR verdict tomorrow

Next Story