Top

രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് എംഎം മണി; 'മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാം'

''രാജേന്ദ്രനെ പാര്‍ട്ടി മൂന്നു തവണ എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി''

14 Dec 2021 10:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് എംഎം മണി; മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാം
X

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കുമെന്ന് എംഎം മണി എംഎല്‍എ. രാജേന്ദ്രന് രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകുമെന്നും മറയൂര്‍ ഏരിയ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ എംഎം മണി പറഞ്ഞു.

''എസ് രാജേന്ദ്രനെ പാര്‍ട്ടി മൂന്നു തവണ എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. ഇത്രയുമാക്കിയ പാര്‍ട്ടിക്ക് ഒന്നും പൊറുക്കാനാകില്ല. ഏരിയ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. രാജേന്ദ്രന്‍ വേറെ പാര്‍ട്ടി നോക്കിക്കോളണം. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടു പോകാം.'' തോട്ടം തൊഴിലാളിയുടെ മകനായി ജനിച്ചയാളാണ് രാജേന്ദ്രനെന്നും എംഎം മണി പറഞ്ഞു. പാര്‍ട്ടി സമ്മേളനത്തിനുള്ളിലെ വിവരങ്ങള്‍ ചോര്‍ത്തുന്നവരുണ്ട്. അത് നിര്‍ത്തിക്കൊള്ളണമെന്നും പാര്‍ട്ടിയുടെ ഭാഗമായി മുന്നോട്ടുപോകണമെന്നും എംഎം മണി ആവശ്യപ്പെട്ടു.

ദേവിക്കുളം എംഎല്‍എ എ.രാജയെ പരാജയപ്പെടുത്താന്‍ വേണ്ടി രാജേന്ദ്രന്‍ ജാതീയമായി വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുയര്‍ന്നിരുന്നു. ആരോപണത്തില്‍ സിപിഐഎം പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. പാര്‍ട്ടി തന്നെ ജാതിയുടെ ആളായി ചിത്രീകരിച്ചു. അതുകൊണ്ട് ജാതിയുടെ ആളായി പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് പാര്‍ട്ടി അന്വേഷണത്തിനെതിരെ രാജേന്ദ്രന്‍ രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയായി വിവിധ പാര്‍ട്ടി സമ്മേളനങ്ങളില്‍ എംഎം മണി രാജേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ താന്‍ പൂര്‍ണമായും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും അനാവശ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നുമാണ് രാജേന്ദ്രന്‍ പ്രതികരിച്ചത്.

Next Story