Top

കേരളത്തില്‍ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്ര?; '141, 143 145, 142' പിഎസ്‌സിയുടെ 'കണക്കിങ്ങനെ'

22 March 2022 2:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തില്‍ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്ര?; 141, 143 145, 142 പിഎസ്‌സിയുടെ കണക്കിങ്ങനെ
X

തിരുവനന്തപുരം: ഉത്തരം തെരഞ്ഞെടുക്കാന്‍ തെറ്റായ ഓപ്ഷനുകള്‍ നല്‍കി കേരള പിഎസ്‌സി. ഞായറാഴ്ച നടന്ന സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയുടെ മെയിന്‍ പരീക്ഷയിലാണ് അനായാസം ഉത്തരം എഴുതാവുന്ന ചില ചോദ്യങ്ങള്‍ക്ക് പിഎസ് സി ഗുരുതരമായ പിഴവോടെ ഓപ്ഷന്‍ നല്‍കിയത്. കേരളത്തില്‍ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നായിരുന്നു ചോദ്യം. എന്നാല്‍ ഉത്തരം തെരഞ്ഞെടുക്കാന്‍ നല്‍കിയ ഓപ്ഷനുകളില്‍ പക്ഷേ ശരിയുത്തരമായ 140 ഉണ്ടായിരുന്നില്ല.

141, 143, 145, 142 എന്നിങ്ങനെ ആയിരുന്നു പിഎസ് സി നല്‍കിയിട്ടുള്ള ഓപ്ഷനുകള്‍. ഇതോടെ ഉത്തരമറിഞ്ഞിട്ടും ശരിയുത്തരം എഴുതാനാവാത്ത അവസ്ഥയായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടത്. നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം സംബന്ധിച്ച ചോദ്യത്തില്‍ മാത്രമായിരുന്നില്ല പിഎസ്‌സിക്ക് പിഴച്ചത്. സാഹിത്യത്തിലായിരുന്നു രണ്ടാമത്തെ പിഴവ്.

വള്ളത്തോളിന്റെ ഏതു കവിതയില്‍ നിന്ന് എടുത്തിട്ടുള്ളതാണ് ''ഭാരതമെന്ന പേരു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം'' എന്ന വരികള്‍ എന്നായിരുന്നു ഈ ചോദ്യം. ചിത്രയോഗം, ബധിരവിലാപം, ദിവാസ്വപ്നം, എന്റെ ഗുരുനാഥന്‍ എന്നിവയാണ് പിഎസ്‌സി നല്‍കിയിരിക്കുന്ന ഓപ്ഷനുകള്‍. 'കേരളീയം' എന്ന ശരിയുത്തരം പിഎസ്‌സി നല്‍കിയില്ല.

എന്നാല്‍, പിഴവ് കടന്ന് കൂടിയ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് പിഎസ്‌സി അധികൃതര്‍ സംഭവത്തില്‍ നല്‍കുന്ന വിശദീകരണം. ഉത്തര സൂചിക ഇന്നു പ്രസിദ്ധീകരിക്കുമെന്നും പിഎസ് സി അറിയിച്ചു.

Content Highlight: mistake in kerala psc question paper civil police officer main exam

Next Story