Top

ജനപ്രീതിയില്‍ മുന്നിലായത് 'മിന്നല്‍ മുരളി'; ഒടിടി റിലീസായതിനാല്‍ പരിഗണിക്കേണ്ടെന്ന് ജൂറി; 'ഹൃദയ'ത്തിലേക്ക് എത്തിയതിങ്ങനെ

ഹോമിനേക്കാള്‍ പിന്തുണ മിന്നല്‍ മുരളിക്ക് ഈ വിഭാഗത്തിലുണ്ടായിരുന്നു.

28 May 2022 4:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനപ്രീതിയില്‍ മുന്നിലായത് മിന്നല്‍ മുരളി; ഒടിടി റിലീസായതിനാല്‍ പരിഗണിക്കേണ്ടെന്ന് ജൂറി; ഹൃദയത്തിലേക്ക് എത്തിയതിങ്ങനെ
X

തിരുവനന്തപുരം: കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് ബേസില്‍ ജോസഫ് ചിത്രം 'മിന്നല്‍ മുരളി'ക്ക്. തിയേറ്റര്‍ റിലീസ് അല്ലായെന്ന കാരണത്താലാണ് പുരസ്‌കാരപട്ടികയില്‍ നിന്ന് മിന്നല്‍ മുരളി ഒഴിവാക്കപ്പെട്ടത്. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തെ തെരഞ്ഞെടുക്കുന്നതിനിടെ ജൂറി അംഗങ്ങളില്‍ ഭൂരിപക്ഷവും പരിഗണിച്ചത് 'മിന്നല്‍ മുരളി'യാണ്. ഹോമിനേക്കാള്‍ പിന്തുണ മിന്നല്‍ മുരളിക്ക് ഈ വിഭാഗത്തിലുണ്ടായിരുന്നു. എന്നാല്‍ ഡയറക്ട് ഒടിടി റിലീസായ ചിത്രത്തിനല്ല തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിനാണ് ജനപ്രീതിയും കലാമൂല്യവും ഉള്ള പുരസ്‌കാരം നല്‍കേണ്ടതെന്ന് ജൂറി തീരുമാനിക്കുകയായിരുന്നു. ചട്ടപ്രകാരം റൂള്‍സില്‍ ജനപ്രീതി നിശ്ചയിക്കുന്നത് തിയേറ്റര്‍ റിലീസ് എന്ന മാനദണ്ഡത്തിലാണെന്ന ചൂണ്ടിക്കാട്ടലുണ്ടായി. ഇതിനേത്തുടര്‍ന്നാണ് തിയേറ്റര്‍ റിലീസായ 'ഹൃദയം' തെരഞ്ഞെടുക്കപ്പെട്ടത്.

പോയവര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയാര്‍ജ്ജിച്ച ചിത്രങ്ങളിലൊന്നായിരുന്നു മിന്നല്‍ മുരളി. ഗ്രാമീണ പശ്ചാത്തലത്തില്‍ ദേശി സൂപ്പര്‍ ഹീറോയുടെ കഥ പറഞ്ഞ ടൊവീനോ ചിത്രം നെറ്റ്ഫഌക്‌സിലൂടെയാണ് റിലീസായത്. വൈകാതെ തന്നെ ചിത്രം പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടി. നെറ്റ്ഫഌക്‌സ് ഇന്ത്യ ടോപ് ടെന്നില്‍ ദിവസങ്ങളോളം മിന്നല്‍ മുരളി തുടര്‍ന്നു. ഇതര ഭാഷകളിലെ പ്രമുഖ നടന്‍മാരും സംവിധായകരും മിന്നല്‍ മുരളിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. 'മിന്നല്‍ മുരളി' കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഇംഗ്ലീഷ് ഇതര ഒടിടി ചിത്രങ്ങളിലൊന്നായി മാറി. നെറ്റ്ഫഌക്‌സിലെ ഇംഗ്ലീഷ് ഇതര ചിത്രങ്ങളില്‍ 'മിന്നല്‍ മുരളി' മൂന്നാമതെത്തി. നെറ്റ്ഫഌക്‌സിന്റെ മാത്രം കണക്കില്‍ 1.10 കോടി പ്രേക്ഷകര്‍ മിന്നല്‍ മുരളി കണ്ടു. ടെലഗ്രാമിലൂടേയും മറ്റ് പൈറേറ്റ് സംവിധാനങ്ങളിലൂടേയും ചിത്രം കണ്ടവരുടെ എണ്ണം ഇതിലും അധികം വരും.

നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇത്തവണ മിന്നല്‍ മുരളി നേടിയത്. മികച്ച പിന്നണി ഗായകന്‍ - പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ പൂമടിയില്‍), വിഷ്വല്‍ എഫക്ട്‌സ് - ആന്‍ഡ്രൂ ഡിക്രൂസ്, ശബ്ദമിശ്രണം - ജസ്റ്റിന്‍ ജോസ്, വസ്ത്രാലങ്കാരം - മെല്‍വി കെ എന്നിവരാണ് മിന്നല്‍ മുരളിയിലൂടെ പുരസ്‌കാര നേട്ടം കൈവരിച്ചത്. 'മിന്നല്‍ മുരളി', 'ഹോം' എന്നീ ചിത്രങ്ങളെ ഒഴിവാക്കി ജനപ്രിയതക്കുള്ള പുരസ്‌കാരം വിനീത് ശ്രീനിവാസന്‍ ചിത്രം 'ഹൃദയ'ത്തിന് നല്‍കിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചലച്ചിത്രാസ്വാദകരില്‍ ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു. പല ഫോര്‍മാറ്റുകളിലെ റിലീസ് കാലത്ത് ജനപ്രിയ പുരസ്‌കാരത്തിനുള്ള തിയേറ്റര്‍ റിലീസ് മാനദണ്ഡം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പുനര്‍നിശ്ചയിക്കാന്‍ അക്കാദമി ആലോചിക്കുന്നുണ്ട്.

STORY HIGHLIGHTS: minnal murali excluded from popular movie prize in the name of theatre release protocol

Next Story