'അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായി പ്രത്യേക പദ്ധതി; ചുരമിറങ്ങാതെ ചികിത്സ ഉറപ്പാക്കുമെന്ന് വീണാ ജോര്‍ജ്
ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഹൈറിസ്‌ക്ക് വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്ക് വേണ്ടി പദ്ധതി തയ്യാറാക്കും.
4 Dec 2021 9:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നവജാത ശിശുക്കള്‍ക്കായി ഐസിയു ആരംഭിക്കുമെന്നും ഊരുകള്‍ സന്ദര്‍ശിച്ച് ശേഷം വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഹൈറിസ്‌ക്ക് വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്ക് വേണ്ടി പദ്ധതി തയ്യാറാക്കും. ഇവിടെ പീഡിയാട്രിഷ്യനെയും ഗൈനക്കോളജിസ്റ്റിനെയും നിയമിക്കും. അട്ടപ്പാടിയില്‍ ചുരമിറങ്ങാതെ തന്നെ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കോട്ടത്തറ ആശുപത്രിയെ കുറിച്ചുയര്‍ന്ന പരാതികള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അധികൃതരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും. അട്ടപ്പാടിയിലെത്തി കോട്ടത്തറ ആശുപത്രി, ശിശുമരണം റിപ്പോര്‍ട്ട് ചെയ്ത ഊരുകള്‍ എന്നിവിടങ്ങളില്‍ എത്തിയ മന്ത്രി വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസം അട്ടപ്പാടിയെ ഗര്‍ഭിണികളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. വിവിധ ഊരുകളിലെ കണക്കുകള്‍ പ്രകാരം ഗര്‍ഭിണികളില്‍ 58 ശതമാനവും ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. ഇതില്‍ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇതിന്‍ പ്രകാരം ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 പേരാണ് ഹൈറിസ്‌കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ തന്നെ ആദിവാസികളുടെ സ്ഥിതി അതീവ ഗുരുതരമായാണ് കണക്കിലെടുക്കുന്നത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, അരിവാള്‍ രോഗം, ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവര്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഹൈ റിസ്‌ക് പട്ടിക ക്രമീകരിച്ചത്.