Top

മേയര്‍ക്ക് നേരെ കൂവിവിളിച്ച് പ്രതിഷേധം; പ്രധാന വഴി ഒഴിവാക്കി ഓഫീസിലെത്തി

മേയര്‍ വീട്ടില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു.

8 Nov 2022 8:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മേയര്‍ക്ക് നേരെ കൂവിവിളിച്ച് പ്രതിഷേധം; പ്രധാന വഴി ഒഴിവാക്കി ഓഫീസിലെത്തി
X

തിരുവനന്തപുരം: കത്ത് വിവാദത്തിലെ കനത്ത പ്രതിഷേധത്തിനിടെ മേയര്‍ ആര്യാ രാജേന്ദ്രന്‍ നഗരസഭാ കാര്യാലയത്തിലെത്തി. പൊലീസും ഇടത് കൗണ്‍സിലര്‍മാരും പ്രതിരോധം തീര്‍ത്താണ് മേയറെ കാര്യാലയത്തിലേക്ക് എത്തിച്ചത്. പ്രധാന ഗേറ്റ് വഴി വരാതെ മറ്റൊരു ഗേറ്റ് വഴിയാണ് മേയറുടെ വാഹനം പ്രവേശിപ്പിച്ചത്.

മേയറുടെ ഓഫീസിന് മുന്നില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അതിനെ മറികടന്നാണ് മേയറെ അകത്തേക്ക് കയറ്റിയത്. മേയറുടെ വാഹനം എത്തിയതിന് പിന്നാലെ പ്രതിഷേധക്കാര്‍ കൂകി വിളിച്ചു. നഗരസഭയ്ക്ക് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധവും അകത്ത് ബിജെപി പ്രവര്‍ത്തകരും കൗണ്‍സിലറുമാണ് പ്രതിഷേധിക്കുന്നത്. മേയര്‍ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മേയറെ ആക്രമിക്കാനല്ല സമരം, നഗരസഭാ കാര്യത്തില്‍ ഒളിച്ചുകടന്നത് കഴിവുകേടാണെന്നും ബിജെപി ആരോപിച്ചു.

മേയര്‍ വീട്ടില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തുപുരം കോര്‍പ്പറേഷനിലെ താല്‍കാലിക നിയമനങ്ങള്‍ക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക തേടി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് മേയര്‍ എഴുതിയത് എന്ന പേരില്‍ പുറത്തുവന്ന കത്താണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. കത്ത് എഴുതിയത് താനല്ലെന്ന് മേയര്‍ പ്രതികരിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധം രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. ആനാവൂര്‍ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവര്‍ക്ക് ജോലി ഇല്ലാത്ത അവസ്ഥയാണെന്ന് ചെന്നിത്തല ആരോപിച്ചു. മേയറുടെ പേരില്‍ കത്ത് തയ്യാറാക്കിയതിന്റെ അന്വേഷണം കക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നത് ഇത് നീട്ടിക്കൊണ്ടുപോകാനാണെന്നും ചെന്നിത്തല ആരോപിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നഗരസഭ പ്രതിഷേധങ്ങള്‍ക്ക് വേദിയാവുന്നത്.

Story Highlights: Mayor arya rajendran reach office protest is going on

Next Story