മദ്യപിച്ചെത്തി ബഹളവും മര്‍ദ്ദനവും; ഇടുക്കിയില്‍ അച്ഛന്റെ വെട്ടേറ്റ മകന് മരിച്ചു
വെട്ടേറ്റത് തന്നെയാണോ മരണകാരണമെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു
10 Nov 2022 4:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: പിതാവിന്റെ വെട്ടേറ്റ മകന് മരിച്ചു. ഇടുക്കി ചെമ്മണ്ണാര്‍ മൂക്കനോലില്‍ ജെനീഷ് (38) ആണ് മരിച്ചത്. അച്ഛന് തമ്പി പോലിസ് കസ്റ്റഡിയിലാണ്. മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ആണ് ജെനീഷിന് വെട്ടേറ്റത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ ജെനീഷ് പിതാവിനെയും സ്വന്തം മക്കളെയും മര്‍ദ്ദിച്ചു. മക്കളെ മര്‍ദ്ദിക്കുന്നത് തമ്പി തടഞ്ഞു. തര്‍ക്കത്തിനിടെ വീട്ടിലുണ്ടായിരുന്ന വാക്കത്തി എടുത്ത് വീശിയപ്പോള്‍ ജെനീഷിന് വെട്ടേല്‍ക്കുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പ്രാഥമിക ചികിത്സ നല്കിയ ശേഷം ജെനീഷിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലായിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വെട്ടേറ്റത് തന്നെയാണോ മരണകാരണമെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലേക്ക് പോകും വഴിയും ആശുപത്രിയിലെത്തിയപ്പോഴും ജെനീഷ് ഛര്‍ദ്ദിച്ചിരുന്നു. അതിനാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
Story Highlights: Man Who Was Attacked By His Father Died Idikki