മധു കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വെച്ചു
25 Jun 2022 3:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: അട്ടപ്പാടി മധു കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന് രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. പകരം അഡീ. പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാവും. സി രാജേന്ദ്രനെ മാറ്റണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷനെതിരെ ആരോപണമുന്നയിച്ച് മധുവിന്റെ അമ്മ മല്ലി നൽകിയ ഹർജി പരിഗണിച്ച് വിചാരണ നടപടികൾ അടുത്തിടെ നിർത്തി വെക്കുകയും ചെയ്തിരുന്നു. ഹര്‍ജിയില്‍ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നത് വരെ വിചാരണ നടപടികൾ നിർത്തി വെക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് മധുവിന്റെ കുടുംബം നൽകിയ ഹർജി രണ്ട് ദിവസം മുമ്പ് വിചാരണക്കോടതി തള്ളിയിരുന്നു. സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാന്‍ അധികാരമില്ലെന്ന് കാണിച്ചാണ് ഹര്‍ജി തള്ളിയത്. മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ കോടതിയിലാണ് മധു വധക്കേസ് വിചാരണ നടക്കുന്നത്.
കൃത്യമായ തെളിവുകള്‍ വേണ്ട രീതിയില്‍ ധരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിയുന്നില്ലെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആരോപണം. കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കേസില്‍ മുമ്പ് നിയമിച്ച രണ്ട് പ്രോസിക്യൂട്ടര്‍മാരും ഫീസും മറ്റ് ആനൂകുല്യങ്ങളും ലഭിക്കുന്നില്ലെന്ന കാരണത്താല്‍ പിന്മാറിയിരുന്നു. ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍മാരോടും അതേ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും ആരോപണം.
മധു കേസില്‍ തുടര്‍ച്ചയായി രണ്ട് സാക്ഷികളാണ് കൂറ് മാറിയത്. 11ാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് അടുത്തിടെ മൊഴി മാറ്റിയത്. മധുവിനെ പ്രതികള്‍ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു നേരത്തെ ചന്ദ്രന് നല്കിയ മൊഴി. കോടതിയില്‍ നല്കിയ രഹസ്യ മൊഴിയിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പൊലീസ് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിയെന്നാണ് കോടതി വിസ്താരത്തിനിടെ ചന്ദ്രന് പറഞ്ഞിരിക്കുന്നത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി അറിയിച്ചു.നേരത്തെ കേസിലെ പത്താം സാക്ഷി ഉണ്ണികൃഷ്ണനും കൂറുമാറിയിരുന്നു. പൊലീസിന് കൊടുത്ത മൊഴി ഇയാൾ കോടതിയിൽ മാറ്റിപ്പറയുകയായിരുന്നു. മൊഴി മാറ്റി പറയാൻ പൊലീസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണനും കോടതിയിൽ പറഞ്ഞത്.
Story Highlight: Madhu case: new prosecutor in case after c Rajendran's resignation