അവകാശങ്ങള്‍ സിറ്റേഴ്സ് തട്ടിപ്പറിച്ചു; സത്യാഗ്രഹ സമരം ആരംഭിച്ച് ലൂസി കളപ്പുരക്കല്‍
കോടതി ഉത്തരവുണ്ടായിട്ടും മഠത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് ലൂസി ആരോപിക്കുന്നു
27 Sep 2022 7:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മാനന്തവാടി: എഫ്സിസി മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം അപമാനിക്കുന്നുവെന്നും ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സത്യാഗ്രഹ സമരം നടത്തുന്നു. മാനന്തവാടി കാരക്കാമലയിലെ മഠത്തിന് മുന്നിലാണ് സത്യാഗ്രഹം നടത്തുന്നത്. കോടതി അവസാന തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ കാരക്കാമല കോണ്‍വെന്റില്‍ താമസിക്കാനും സിസ്റ്റര്‍ക്കും മറ്റ് കന്യാസ്ത്രീകള്‍ക്കും മഠം അധികൃതര്‍ അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഒരു പോലെ ഉപയോഗിക്കാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും മഠത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് ലൂസി ആരോപിക്കുന്നു.
പൊതുവായ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക, പൊതുവായ പ്രാര്‍ത്ഥനാ മുറി ഉപയോഗിക്കാന്‍ അനുവദിക്കുക, പൊതുവായ സന്ദര്‍ശക മുറി ഉപയോഗിക്കാന്‍ അനുവദിക്കുക, പൊതുവായ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക (ടിവി, ഫ്രിഡ്ജ്, തേപ്പുപെട്ടി, തയ്യല്‍ മെഷീന് മുതലായവ), മഠത്തില്‍ തന്റെ കുളിമുറി, ശുചിമുറി എന്നിവയുടെ സമീപത്തും വരാന്തയില്‍ താന്‍ നടക്കുന്ന ഭാഗത്തും ദുരുത്തേശത്തോടെ സ്ഥാപിച്ചിരിക്കുന്ന അഞ്ച് ക്യാമറ സെറ്റുകള്‍ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ലൂസി കളപ്പുരക്കല്‍ ഉന്നയിക്കുന്നത്.
ഈ അവസ്ഥയിലേക്ക് തന്നെ വലിച്ചിട്ടത് സന്ന്യാസി സഭാ അധികാരികളും മഠത്തിലെ സിസ്റ്റേഴ്സുമാണെന്നും ലൂസി കളപ്പുരക്കല്‍ ആരോപിക്കുന്നു. വലിയ ബുദ്ധിമുട്ടിലാണ് കഴിയുന്നത്, നാല് വര്‍ഷമായി തന്നോട് ആരും സംസാരിക്കാറില്ല. തന്റെ അവകാശങ്ങളെല്ലാം തട്ടിപറിച്ചെന്നും ലൂസി കളപ്പുരക്കല്‍ ആരോപിക്കുന്നു.
STORY HIGHLIGHTS: Lucy Kalappurakkal started strike