Top

അറബികടലില്‍ പുതിയ ന്യൂനമര്‍ദ്ദം; തുലാവര്‍ഷ സീസണിലെ എട്ടാമത്തേത്

ന്യൂനമര്‍ദം നിലവില്‍ കേരള തീരത്ത് നിന്നും അകന്നു പോകുന്നതിനാല്‍ സംസ്ഥാനത്തിന് കൂടുതല്‍ ഭീഷണിയാവില്ലെന്നാണ് വിലയിരുത്തല്‍.

16 Nov 2021 3:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അറബികടലില്‍ പുതിയ ന്യൂനമര്‍ദ്ദം; തുലാവര്‍ഷ സീസണിലെ എട്ടാമത്തേത്
X

സംസ്ഥാനത്ത് മഴ തുടരുമെന്ന മുന്നറിയിപ്പ് നില നില്‍ക്കെ മധ്യ കിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. തുലാവര്‍ഷ സീസണില്‍( 47 ദിവസത്തില്‍ ) രൂപപ്പെടുന്ന ഏട്ടാമത്തെ ന്യൂന മര്‍ദ്ദമാണിത്. ന്യൂനമര്‍ദം നിലവില്‍ കേരള തീരത്ത് നിന്നും അകന്നു പോകുന്നതിനാല്‍ സംസ്ഥാനത്തിന് കൂടുതല്‍ ഭീഷണിയാവില്ലെന്നാണ് വിലയിരുത്തല്‍.

കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപം മധ്യ കിഴക്കന്‍ തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നത്. തുടര്‍ന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.

അതിനിടെ, വടക്കു ആന്‍ഡമാന്‍ കടലില്‍ ഉള്ള ന്യൂനമര്‍ദ്ദം പടിഞ്ഞാറ്‌വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടര്‍ന്ന് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു നവംബര്‍ 18 ഓടെ മധ്യ പടിഞ്ഞാറ് തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി തെക്ക് ആന്ധ്രാ പ്രദേശ് വടക്കു തമിഴ് നാട് തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് കര്‍ണാടക തീരത്തിന് സമീപം മധ്യ കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.

അതേസമയം, ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴക്കും വടക്കന്‍ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്ത/ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ കേരള ലക്ഷദ്വീപ് തീരത്ത് നവംബര്‍ 16 നും, വടക്കന്‍ കേരള തീരത്ത് നവംബര്‍ 16 വരെയും, കര്‍ണാടക തീരത്ത് നവംബര്‍ 17 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്നും മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളില്‍ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Next Story