ആര് ബിന്ദുവിന് ലോകായുക്തയുടെ ക്ലിന്‍ചീറ്റ്; 'മന്ത്രി നല്‍കിയത് നിര്‍ദേശം'
കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന് ലോകായുക്തയുടെ ക്ലിന് ചിറ്റ്.
4 Feb 2022 6:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന് ലോകായുക്തയുടെ ക്ലിന് ചിറ്റ്. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും മന്ത്രി സര്‍വ്വകലാശാലക്ക് നല്‍കിയത് നിര്‍ദേശമാണെന്നും വിധി പറയുന്നതിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു.
മന്ത്രി സര്‍വ്വകലാശാലക്ക് അന്യയല്ല. ഇത്തരമൊരു നിര്‍ദേശം നല്കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഇവിടെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്തതെന്നും ലോകായുക്ത നിരീക്ഷിച്ചു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യത്തിലേക്ക് ലോകായുക്ത കടന്നില്ല. വിഷയത്തില്‍ രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജി തള്ളി.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ മന്ത്രി കത്ത് നല്‍കിയത് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഗോപിനാഥ് രവീന്ദ്രനെ വിസിയായി പുനര്‍ നിയമിച്ചത് ഗവര്‍ണറുടെ കൂടി നിര്‍ദ്ദേശപ്രകാരം ആയിരുന്നെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. വിസി നിയമനവുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുന്ന രേഖകള്‍ സര്‍ക്കാര്‍ ഹാജരാക്കുകയും ചെയ്തിരുന്നു. അതേസമയം ഈ വാദം തള്ളി ഗവര്‍ണറുടെ ഓഫീസ് ഇന്നലെ രംഗത്ത് വന്നിട്ടുണ്ട്. നിയമനത്തില്‍ തനിക്ക് പങ്കില്ലെന്നും മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ് മുന്‍കൈ എടുത്തതെന്നും ആണ് ഗവര്‍ണര്‍ പറയുന്നത്.
സര്‍ക്കാരിനെതിരായ രണ്ട് കേസുകളാണ് ഇന്ന് ലോകായുക്ത പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വകമാറ്റി ചെലവഴിച്ച കേസാണ് രണ്ടാമത്തേത്.