'വിശ്വസിക്കാം, തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല'; കെകെ ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി കെ ടി ജലീല്‍
'ഇന്ന് നിയമസഭയില്‍. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല. വിശ്വസിക്കാം. 101 %' എന്നാണ് കെ ടി ജലീല്‍ കുറിച്ചത്.
24 Aug 2022 3:44 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: മുന്‍ മന്ത്രി കെകെ ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ. തന്നെ 101 ശതമാനം വിശ്വസിക്കാം. തലപോയാലും ആരേയും കുഴപ്പത്തിലാക്കില്ലെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കശ്മീര്‍ പരാമര്‍ശത്തില്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയ്ക്ക് ഒപ്പമാണ് കെ ടി ജലീല്‍ ഇപ്രകാരം കുറിച്ചത്.
'ഇന്ന് നിയമസഭയില്‍. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല. വിശ്വസിക്കാം. 101 %' എന്നാണ് കെ ടി ജലീല്‍ കുറിച്ചത്.
നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയ്ക്കിടെയായിരുന്നു കെ ടി ജലീലിനെതിരെ കെ കെ ശൈലജയുടെ 'ആത്മഗതം'. മൈക്ക് ഓണ്‍ ആണെന്ന് ശ്രദ്ധിക്കാതെയായിരുന്നു മുന്‍മന്ത്രിയുടെ പരാമര്‍ശം. ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമോ എന്നായിരുന്നു കെ കെ ശൈലജ പറഞ്ഞത്. ഇതിന് പരോക്ഷ മറുപടി നല്‍കിയിരിക്കുകയാണ് കെ ടി ജലീല്‍.
ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയില്‍ കെ കെ ശൈലജ സംസാരിക്കുമ്പോള്‍, കെ ടി ജലീല്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ ജലീലിനെ സംസാരിക്കാന്‍ അനുവദിച്ച് ഇരിക്കുമ്പോഴായിരുന്നു കെ കെ ശൈലജയുടെ ആത്മഗതം. മൈക്ക് ഓണ്‍ ആണെന്ന് ശ്രദ്ധിക്കാതെയായിരുന്നു ഇത്.
ലോകായുക്ത നിയമം മൂലം രാജി വെക്കേണ്ടി വന്നയാളാണ് കെ ടി ജലീല്‍. അന്ന് വിധി പറഞ്ഞ ലോകായുക്ത സിറിയക് ജോസഫിനെതിരെ ഉള്‍പ്പടെ കെ ടി ജലീല്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 'ആസാദ് കാശ്മീര്‍' പരാമര്‍ശമുള്‍പ്പടെ ജലീല്‍ അടുത്തിടെ നടത്തിയ പ്രതികരണങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു ലോകായുക്ത ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ മട്ടന്നൂര്‍ എംഎല്‍എയുടെ അടക്കംപറച്ചില്‍.
- TAGS:
- KT jaleel
- KK Shailaja
- Assembly