Top

'മുഖ്യമന്ത്രിയോട് രോഷാകുലയായ മിവയും വര്‍ഗീസും പോരാളികള്‍'; കോണ്‍ഗ്രസിന് മുന്നില്‍ മുഖ്യമന്ത്രി മുട്ടുകുത്തിയെന്ന് സുധാകരന്‍

'തെരുവില്‍ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവര്‍ കണ്ണ് തുറന്ന് കാണേണ്ടത്'

26 Nov 2021 7:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയോട് രോഷാകുലയായ മിവയും വര്‍ഗീസും പോരാളികള്‍; കോണ്‍ഗ്രസിന് മുന്നില്‍ മുഖ്യമന്ത്രി മുട്ടുകുത്തിയെന്ന് സുധാകരന്‍
X

മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ ആലുവ സിഐ സുധീറിനെതിരായ നടപടി കോണ്‍ഗ്രസിന്റെ വിജയമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ ചുണക്കുട്ടികള്‍ പൊരുതി നേടിയ വിജയമാണിതെന്നാണ് സുധാകരന്‍ പറഞ്ഞത്. കെഎസ്‌യു പ്രവര്‍ത്തക മിവാ ജോളിയും, മണ്ഡലം പ്രസിഡന്റ് വര്‍ഗീസും സമരത്തിലെ മുന്നണി പോരാളികളാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കെ സുധാകരന്‍ പറഞ്ഞത്: ആലുവാ സി ഐ സുധീറിന് സസ്പന്‍ഷന്‍. ഇത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികള്‍ പൊരുതി നേടിയ വിജയം. തെരുവില്‍ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവര്‍ കണ്ണ് തുറന്ന് കാണേണ്ടത്. പിണറായി വിജയന്‍ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണ്.

''അയാളെന്തിനാണാ കസേരയില്‍ കേറി ഇരിക്കുന്നത്? അതെന്താ വസ്തുവാണോ? സംസാരിക്കാന്‍ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രി?'' എന്ന് രോഷാകുലയായി ചോദിച്ച കെ എസ് യു പ്രവര്‍ത്തക മിവാ ജോളിയും, ജലപീരങ്കിയെയും ടിയര്‍ ഗ്യാസിനെയും പ്രതിരോധിച്ച് മൂവര്‍ണ്ണക്കൊടി ഉയര്‍ത്തി പ്പിടിച്ച് നീതിക്കായി പോരാടിയ ഞങ്ങളുടെ മണ്ഡലം പ്രസിഡന്റ് വര്‍ഗീസും കോണ്‍ഗ്രസിന്റെ ഈ സമരത്തിലെ മുന്നണി പോരാളികളാണ്.

മോഫിയ പര്‍വീണ്‍ എന്ന പെണ്‍കുട്ടിക്ക്, നിഷേധിക്കപ്പെട്ട നീതിക്കായി ആലുവയില്‍ സമരം ചെയ്തവരുടെ പ്രതിനിധികളാണിവര്‍. യുവത്വത്തിന്റെ ചോരത്തിളപ്പും, പ്രവര്‍ത്തന പാരമ്പര്യത്തിന്റെ ഊര്‍ജ്ജസ്വലതയും ഒത്തുചേരുന്ന കോണ്‍ഗ്രസിന്റെ പുതിയ സമരമുഖങ്ങള്‍. പ്രതിക്ക് സംരക്ഷണ കവചമൊരുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ സമരപരമ്പരകള്‍ കൊണ്ട് തിരുത്തിയ കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട സമരഭടന്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍.



Next Story

Popular Stories