Top

'സംഘ്പരിവാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പിഎഫ്‌ഐ നിരോധനം'; എതിര്‍ത്ത് ജമാഅത്തെ ഇസ്ലാമി

സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി.

28 Sep 2022 10:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘ്പരിവാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പിഎഫ്‌ഐ നിരോധനം; എതിര്‍ത്ത് ജമാഅത്തെ ഇസ്ലാമി
X

പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും നിരോധനത്തെ ചോദ്യം ചെയ്ത് ജമാഅത്തെ ഇസ്ലാമി. പിഎഫ്‌ഐ നിരോധനം ജനാധിപത്യ വിരുദ്ധവും വിവേചനപരവുമാണ്. സംഘ്പരിവാര്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പിഎഫ്‌ഐയെ നിരോധിക്കുന്നത് വിവേചനപരമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

''സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ട്. അതിനെ ഭരണകൂടം റദ്ദാക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. രാജ്യത്തെ നിയമം ലംഘിക്കുകയും രാജ്യസുരക്ഷയെയും ക്രമസമാധാനത്തെയും തകര്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും ശക്തമായ നടപടി സ്വീകരിക്കുകയും വേണം.''

''സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയുടെ പരമാധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഫാസിസ്റ്റ് സംഘങ്ങള്‍ സൈര്യവിഹാരം നടത്തിക്കൊണ്ടിരിക്കെ പോപ്പുലര്‍ ഫ്രണ്ടിന് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതും വായ മൂടിക്കെട്ടുന്നതും വിവേചനപരമാണ്.'' ആശയപ്രബോധനങ്ങളിലൂടെ ആശയങ്ങളെ നേരിടുകയെന്നതാണ് രാജ്യത്തിന്റെ പാരമ്പര്യമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് കൊണ്ട് പ്രശ്‌നം അവസാനിക്കില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ആഎസ്എസ്, മാവോയിസ്റ്റ് നിരോധനങ്ങള്‍ ഫലപ്രദമായിരുന്നില്ല. പിഎഫ്‌ഐയുടെ വിഭാഗീയ പ്രത്യയശാസ്ത്രം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കണമെന്നും വര്‍ഗീയ ശക്തികളെ ശക്തമായി പ്രതിരോധിക്കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു.

പിബി പ്രസ്താവന പൂര്‍ണരൂപം: തീവ്രമായ നിലപാടുകള്‍ വച്ചുപുലര്‍ത്തുകയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഈ തീവ്രമായ രീതികളെ സിപിഐ എം എക്കാലത്തും ശക്തമായി എതിര്‍ക്കുകയും പിഎഫ്‌ഐയുടെ അക്രമ പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.

എന്നിരുന്നാലും, യുഎപിഎ പ്രകാരം ഒരു നിയമവിരുദ്ധ സംഘടനയായി പിഎഫ്‌ഐയെ പ്രഖ്യാപിക്കുന്നത് ഈ പ്രശ്‌നത്തിനുള്ള പോംവഴിയല്ല. നിരോധനമെന്നത് ഫലവത്തായ ഒരു നടപടിയല്ല എന്നത് ആര്‍എസ്എസിന്റെയും മാവോയിസ്റ്റുകാരുടെയും കാര്യമെടുത്താല്‍ത്തന്നെ വ്യക്തമാകുന്നതാണ്. നിയമവിരുദ്ധമോ അക്രമാസക്തമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴെല്ലാം പിഎഫ്‌ഐക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കര്‍ശനമായ നടപടിയുണ്ടാകണം. വിഭാഗീയതയുടെയും ഭിന്നിപ്പിന്റെയും പ്രത്യേയശാസ്ത്രം കൈമുതലായുള്ള പോപ്പുലര്‍ ഫ്രണ്ടിനെ തുറന്നുകാട്ടുകയും രാഷ്ട്രീയമായി എതിര്‍ക്കുകയും വേണം.

വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പിഎഫ്‌ഐയും ആര്‍എസ്എസും കേരളത്തിലും കര്‍ണാടകത്തിലുമായി കൊലപാതകങ്ങളിലും അതിന്റെ പ്രതികാരങ്ങളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ തീവ്രവാദ സംഘടനകളില്‍ അംഗമായുള്ളവരും ഒട്ടനവധി മതേതരവാദികളുടെയും എഴുത്തുകാരുടെയും അരുംകൊലകള്‍ക്ക് പിന്നിലുണ്ട്.

ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഇത്തരത്തിലുള്ള വര്‍ഗീയ ശക്തികളെയെല്ലാം തന്നെ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കണം. ഇത്തരം വര്‍ഗീയ ശക്തികളെ പ്രതിരോധിച്ചുകൊണ്ട് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷജനാധിപത്യ സ്വഭാവം നിലനിര്‍ത്തുക എന്നതായിരിക്കണം ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞയെടുത്തുകൊണ്ട് അധികാരത്തിലേറിയവരുടെ പ്രധാന കടമ.

Next Story