Top

വയോധികന്‍ തോക്കുമായി കളക്ടറേറ്റില്‍, തിരിച്ചും മറിച്ചും കാണിക്കുമ്പോഴും വിരല്‍ കാഞ്ചിയില്‍; സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം

2022 ജൂൺ 30 വരെയാണ് വയോധികന്റെ തോക്കിന് ലൈസൻസ് അനുവദിച്ചിരുന്നത്.

6 July 2022 1:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വയോധികന്‍ തോക്കുമായി കളക്ടറേറ്റില്‍, തിരിച്ചും മറിച്ചും കാണിക്കുമ്പോഴും വിരല്‍ കാഞ്ചിയില്‍; സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം
X

കൊച്ചി: ലൈസൻസ് പുതുക്കാനായി നിറതോക്കുമായി വയോധികൻ കളക്ടറേറ്റിലെത്തിയത് സുരക്ഷ വീഴ്ച എന്ന് വിലയിരുത്തൽ. മൂവാറ്റുപുഴ സ്വദേശിയായ വയോധികനാണ് തോക്കുമായി എത്തിയത്. തപാൽ സെക്ഷനിലെ ജീവനക്കാരുമായി സംസാരിക്കുന്നതിനിടെ തോക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. തോക്ക് തിരിച്ചും മറിച്ചും കാണിച്ചപ്പോഴും ഇയാളുടെ വിരൽ കാഞ്ചിയിൽ തന്നെയായിരുന്നു. നിറതോക്കുമായി കളക്ടറേറ്റിനുളളിലേക്ക് പ്രവേശിച്ച സംഭവത്തിൽ ലാൻഡ് റവന്യൂ കമ്മിഷണർക്ക് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകും. ഇവിടെ നടന്ന സാഹചര്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും ഉൾപ്പെടുത്തിയ റിപ്പോർട്ടാകും സമർപ്പിക്കുക.

2022 ജൂൺ 30 വരെയാണ് വയോധികന്റെ തോക്കിന് ലൈസൻസ് അനുവദിച്ചിരുന്നത്. വയോധികൻ തോക്കുമായി വന്നത് വാർത്തയായതോടെ ഉന്നത ഉദ്യോ​ഗസ്ഥർ കളക്ടറേറ്റിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഔദ്യോഗികമായി റിപ്പോർട്ട് സമർപ്പിക്കാൻ ഉടൻതന്നെ കത്ത് നൽകുമെന്നാണ് സൂചന.

2009ൽ കളക്ടറേറ്റിൽ സ്ഫോടനമുണ്ടായതിന് ശേഷം സുരക്ഷ വർധിപ്പിക്കാൻ തീരുമാനമായിരുന്നു. സുരക്ഷ ഓഡിറ്റ് നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും കളക്ടറേറ്റിന്റെ കവാടത്തിൽ രണ്ട് സുരക്ഷ ജീവനക്കാരെ മാത്രമാണ് നിയോ​ഗിച്ചത്. സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവർത്തന രഹിതമാണ്. ഒന്നാം നിലയിലുളള ജില്ലാ കളക്ടറുടെയും എഡിഎമ്മിന്റേയും ചേംബറിലേക്കും അനായാസം കടക്കമെന്നാണ് ഈ സംഭവം പറയുന്നത്. സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെയും ചുറ്റുപാടുകളുടെയും സ്ഥിതി മോശമാണ്. കാലപ്പഴക്കം കൊണ്ട് ഒഴിവാക്കിയ സർക്കാർ വാഹനങ്ങളും പലവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് പിടിക്കപ്പെട്ട വാഹനങ്ങളും സിവിൽ സ്റ്റേഷന്റെ പുറത്ത് കൂട്ടിയിട്ടിരിക്കുകയാണ്. പലയിടത്തും കാടുപിടിച്ച അവസ്ഥയാണ്.

സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി കളക്ടറേറ്റിലെ രണ്ട് കവാടങ്ങളിലും മെറ്റൽ ഡിറ്റക്ടർ സ്ഥാപിക്കും. ഇത് സംബന്ധിച്ച് എറണാകുളം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ് ഷാജഹാൻ നിർദേശം നൽകി. കളക്ടറേറ്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പെ സന്ദർശകരുടെ ബാഗുകളടക്കം കർശന പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.

സൂക്ഷ്മപരിശോധനക്ക് ശേഷമാകും തോക്ക് ലൈസൻസ് പുതുക്കി നൽകുക. ലൈസൻസ് നേടുന്നയാളെ എഡിഎം നേരിട്ട് വിചാരണ നടത്തും. ലൈസൻസിയുടെ ആരോഗ്യ നിലയും മാനസിക നിലയും പരിശോധിച്ചാകും ലൈസൻസ് പുതുക്കി നൽകുക. പുതിയ ലൈസൻസിന് അപേക്ഷിക്കുന്നവർക്കും ഇത് ബാധകമാക്കും.

STORY HIGHLIGHTS: Elderly Man with Gun in Ernakulam Collectorate; Decision to Increase Security

Next Story