Top

'വിഴിഞ്ഞം ആക്രമണത്തില്‍ തീവ്രവാദ ബന്ധം'; സമരസമിതി നേതാക്കളുമായി രഹസ്യയോഗം കോട്ടപ്പുറം സ്‌കൂളില്‍

പൊലീസ് സ്റ്റേഷന്‍ അടക്കമുള്ള ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികളാണ് യോഗം വിലയിരുത്തിയതെന്നും വിവരങ്ങളുണ്ട്.

30 Nov 2022 9:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞം ആക്രമണത്തില്‍ തീവ്രവാദ ബന്ധം; സമരസമിതി നേതാക്കളുമായി രഹസ്യയോഗം കോട്ടപ്പുറം സ്‌കൂളില്‍
X

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണസംഭവങ്ങളില്‍ തീവ്രവാദബന്ധം ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വിഴിഞ്ഞം സമരസമിതി നേതാക്കളും തീവ്രവാദ ബന്ധമുള്ളവരും ഇന്നലെ രാത്രി വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളില്‍ യോഗം ചേര്‍ന്നതായി ഇന്റലിജന്‍സിനെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരും തീവ്ര ഇടത് സംഘടനയില്‍പ്പെട്ടവരും യോഗത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് സ്റ്റേഷന്‍ അടക്കമുള്ള ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികളാണ് യോഗം വിലയിരുത്തിയതെന്നും വിവരങ്ങളുണ്ട്. യോഗത്തിലെ വിവരങ്ങളും ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരത്തില്‍ നിന്ന് ഒരുകാരണവശാലും പിന്‍മാറരുത്. അറസ്റ്റിനും വഴങ്ങരുത്. അറസ്റ്റുണ്ടായാല്‍ ശക്തമായി പ്രതിരോധിക്കണമെന്നും യോഗത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഴിഞ്ഞം ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് 163 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡിഐജി ആര്‍ നിശാന്തിനി അറിയിച്ചു. അക്രമങ്ങള്‍ നടത്തിയ പ്രതികളെ തിരിച്ചറിയേണ്ടതുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും നിശാന്തിനി അറിയിച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് 750 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ട് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച മാര്‍ച്ചിന് അനുമതി നിഷേധിച്ചിട്ടുണ്ട്. മാര്‍ച്ച് നടത്തിയാല്‍ പൊലീസ് തടയും. ഒരു കാരണവശാലും ഇവരെ പ്രദേശത്തേക്ക് എത്താന്‍ അനുവദിക്കില്ലെന്നും നിശാന്തിനി വ്യക്തമാക്കി. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ തീവ്രവാദബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും നിശാന്തിനി പറഞ്ഞു. അന്വേഷണം ആ ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും ഡിഐജി അറിയിച്ചു. സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സന്ദര്‍ശിക്കുകയും ചെയ്തു.

പൊലീസ് സ്റ്റേഷന്‍ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുന്‍ നിര്‍ത്തി വിഴിഞ്ഞത്ത് പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ സാഹചര്യങ്ങള്‍ ശാന്തമാണെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാം എന്നാണ് സൂചന. കൂടുതല്‍ പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം എന്‍ഐഎ അന്വേഷിക്കും. സംഭവത്തില്‍ എന്‍ഐഎ വിഴിഞ്ഞം പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെയും പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിന്റെയും വിവരങ്ങളാണ് എന്‍ഐഎ ചോദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങള്‍ അതീവഗൗരവതരമാണെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. ആക്രമണത്തിന് പിന്നില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലുണ്ടോ എന്നതും എന്‍ഐഎ അന്വേഷിക്കും.

Next Story