മലപ്പുറം സ്വദേശി സൗദിയിൽ കുത്തേറ്റ് മരിച്ചു; തമിഴ്നാട് സ്വദേശിയായ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
23 Jan 2023 10:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റിയാദ്: പ്രവാസി മലയാളി സൗദിയിൽ കുത്തേറ്റ് മരിച്ചു. ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലി (58) ആണ് മരിച്ചത്. പിന്നാലെ മുഹമ്മദലിയെ ആക്രമിച്ച തമിഴ്നാട് സ്വദേശി മഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഇവരുടെ താമസസ്ഥലത്തായിരുന്നു സംഭവം.
ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ മഹേഷ് കത്തികൊണ്ട് കുത്തുകയായിരുന്നു. പരുക്കേറ്റ മുഹമ്മദലി രക്തം വാർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പിന്നാലെ, മഹേഷ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. മുഹമ്മദലിയെ കൊലപ്പെടുത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും മഹേഷ് പൊലീസിനോട് പറഞ്ഞു. മുഹമ്മദലിയുടെ ഭാര്യ താഹിറയാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
STORY HIGHLIGHTS: Expatriate Malayali stabbed to death in Saudi