Top

ഉമ്മൻ ചാണ്ടിക്കെതിരായ അപകീർത്തി പരമാർശ കേസിലെ വിധി; വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകി

9 Feb 2022 7:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉമ്മൻ ചാണ്ടിക്കെതിരായ അപകീർത്തി പരമാർശ കേസിലെ വിധി; വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകി
X

സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ അപകീർത്തി പരാമർശ കേസിലെ വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിൽ ഇന്ന് അപ്പീൽ ഫയൽ ചെയ്തുവെന്ന് വിഎസിന്റെ ഓഫീസ് അറിയിച്ചു. അഭിഭാഷകരായ ചെറുന്നിയൂർ ശശിധരൻനായർ, വിഎസ് ഭാസുരേന്ദ്രൻ നായർ, ദിൽമോഹൻ എന്നിവർ മുഖേനയാണ് അപ്പീൽ ഫയൽ ചെയ്തത്‌. വസ്തുതകൾ പരിഗണിക്കാതെയാണ് കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് വിഎസ് നേരത്തെ പ്രതികരിച്ചിരുന്നു.

കീഴ്‌കോടതിയുടെ വിധി യുക്തി സഹമല്ല. വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകൾ വിലയിരുത്തിയുള്ള നടപടിക്രമങ്ങളായിരുന്നു കോടതി അവലംബിക്കേണ്ടിയിരുന്നതെന്നും വിഎസ് വ്യക്തമാക്കി. കീഴ്‌കോടതിയിൽ നിന്നും നീതി കിട്ടണമെന്നില്ലെന്നത് മുൻകാല പോരാട്ടങ്ങളിൽ കണ്ടതാണ്. പരാമർശങ്ങൾ അപകീർത്തിപരമാണെന്നത് ഉമ്മൻചാണ്ടിയുടെ വ്യക്തിപരമായ തോന്നലാണെന്നും വിഎസ് നേരത്തെ നടത്തിയ പ്രതികരണത്തിൽ വ്യക്തമാക്കുന്നു.

വിഎസ് അച്യുതാനന്ദൻ പറഞ്ഞത്: സോളാർ അഴിമതിയിൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി 'റിപ്പോർട്ടർ ചാനൽ' അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ.വി .എസ്സ് പറഞ്ഞ കാര്യങ്ങൾ അടങ്ങിയ മുഖാമുഖം രേഖകൾ ഒന്നും തന്നേ ശ്രീ.ഉമ്മൻചാണ്ടി കോടതിയിൽ ഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല.

എന്നാൽ ശ്രീ.ഉമ്മൻചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ടും തുടർന്ന് ഗവണ്മെന്റ് റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് ശ്രീ.ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ എടുത്ത നടപടി റിപ്പോർട്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്. ഈ വസ്തുതകൾ ഒന്നും പരിഗണിക്കാതെയുള്ള 22/01/2022 ലെ ബഹുമാനപ്പെട്ട സബ്‌കോടതി വിധിക്കു എതിരെ അപ്പീൽ നടപടി സ്വീകരിക്കുമെന്ന് വി.എസ്സിന്റെ ഓഫീസ് അറിയിച്ചു.

കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്‌കോടതിയിൽ നിന്നും കിട്ടി കൊള്ളണമില്ലെന്ന മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ശ്രീ.ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ശ്രീ.ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണ്. പരാമർശങ്ങൾക്ക് അടിസ്ഥാനമായ സോളാർ കമ്മീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ശ്രീ.ഉമ്മൻ ചാണ്ടിതന്നെ ഹൈക്കോടതിയിൽ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നു.

സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ട് വരുന്നത് പൊതു പ്രവർത്തകൻ എന്ന കർത്തവ്യബോധം മുൻനിർത്തി ഉള്ളത് ആണ് എന്ന് അപ്പീൽ കോടതി കണ്ടെത്തും എന്ന് ഉറപ്പ് ഉള്ളതിനാലും, കീഴ്‌കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും ഇത് കീഴ്‌കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകൾ വിലയിരുത്തിയുള്ള നടപടിക്രമങ്ങൾ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായം കൂടി അപ്പീൽ കോടതി നടത്തും എന്ന പ്രത്യാശയിൽ, അപ്പീൽ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് ഓഫീസ് അറിയിച്ചു.

2013 ജൂലൈ ആറിന് റിപ്പോർട്ടർ ടിവി അഭിമുഖത്തിലാണ് വിഎസ്, ഉമ്മൻചാണ്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. കേസിൽ കഴിഞ്ഞ ദിവസമാണ് പത്തുലക്ഷത്തി പതിനായിരം രൂപ വിഎസ്, ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടത്.

Next Story