Top

​ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കും; ലോകായുക്ത ഓർഡിനൻസുമായി മുന്നോട്ടുപോകാൻ സിപിഐഎം

നിയമഭേദഗതി അനിവാര്യമാണ്. ഇത് സംബന്ധിച്ച് കാര്യങ്ങൾ സിപിഐയെ ബോധ്യപ്പെടുത്തും.

4 Feb 2022 8:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

​ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കും; ലോകായുക്ത ഓർഡിനൻസുമായി മുന്നോട്ടുപോകാൻ സിപിഐഎം
X

ലോകായുക്ത ഓർഡിനൻസിൽ നിന്നും പിന്നോട്ടില്ലെന്ന് അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നിയമഭേദഗതി അനിവാര്യമാണ്. ഇത് സംബന്ധിച്ച് കാര്യങ്ങൾ സിപിഐയെ ബോധ്യപ്പെടുത്തും. ​ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബിൽ കൊണ്ടുവരാനും ധാരണയായി.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പ് വെച്ചാല്‍ നിയമനടപടികളിലേക്ക് നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഓര്‍ഡിനന്‍സില്‍ വിവാദം കത്തിപടരുകയും അനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ സമീപിക്കുകയും ചെയ്തതോടെ വിഷയത്തില്‍ ഗവര്‍ണറും സമ്മര്‍ദത്തിലാവുകയായിരുന്നു.

എന്നാൽ ഓര്‍ഡിനന്‍സ് നിയമ വിധേയമാണെന്ന നിലപാട് ഗവര്‍ണറെ ബോധിപ്പിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞ ദിവസം എജിയുടെ നിയമോപദേശം ഉള്‍പ്പെടെ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണത്തിന് ഒപ്പമാണ് ഇക്കാര്യം സമര്‍പ്പിച്ചത്.

ലോകായുക്ത നിയമത്തില്‍ ഭരണഘടനാ വിരുദ്ധമായ വകുപ്പ് ഉണ്ടെന്നാണ് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചിരിക്കുന്നത്. നിയമത്തിലെ 14ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം, ലോകായുക്താ നിയമഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്ന പൊതു വികാരമാണ് സിപിഐ ഉയർത്തുന്നത്. ഇന്നലെ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ, ഭേദഗതിയെ പിന്തുണച്ച പാർട്ടി മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമാണുണ്ടായത്. വിഷയത്തിൽ മന്ത്രിമാർ ജാഗ്രത പുലർത്തിയില്ലെന്ന് നേതൃത്വം വിമർശിച്ചിരുന്നു.

Next Story

Popular Stories