Top

ലോകായുക്ത വിഷയത്തിൽ ജലീലിനെ തള്ളി സിപിഐഎം; അഭിപ്രായം വ്യക്തിപരം

ലോകായുക്ത നിയമത്തിലെ ഭേദഗതി അനിവാര്യമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഐഎം

4 Feb 2022 2:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകായുക്ത വിഷയത്തിൽ ജലീലിനെ തള്ളി സിപിഐഎം; അഭിപ്രായം വ്യക്തിപരം
X

ലോകായുക്ത ഓർഡിനൻസിൽ സിപിഐക്ക്, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മറുപടി. എതിർപ്പുണ്ടെങ്കിൽ മന്ത്രിസഭാ യോഗത്തിൽ രേഖപ്പെടുത്താമായിരുന്നു. വിയോജിപ്പുകൾ മുന്നണിയിൽ ചർച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു. അതേസമയം, ലോകായുക്തക്കെതിരെ ആരോപണമുന്നയിച്ച കെ ടി ജലീലിനെ സിപിഐഎം തള്ളി.

ലോകായുക്തക്കെതിരെ പാർട്ടിക്ക് ആക്ഷേപമില്ലെന്നും, കെ ടി ജലീലിന്റേത് സിപിഎം നിലപാടല്ലെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു. ജലീലിന്റെ ബന്ധുനിയമന കേസിൽ വിധി വന്നപ്പോഴും ആരോപണം പറഞ്ഞിട്ടില്ല. ഇടതു പാർട്ടികളും മറ്റു പാർട്ടികളും വ്യക്തികളും ഉൾപ്പെട്ട മുന്നണിയാണ് എൽ ഡി എഫ്. അതിൽ ചിലർ വ്യത്യസ്ത അഭിപ്രായം ചിലപ്പോൾ പ്രകടിപ്പിച്ചേക്കാം. അത് സിപിഎമ്മിന്റെ അഭിപ്രായമല്ല. ജലീൽ സിപിഎം അംഗമല്ല, സ്വതന്ത്രനാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നതുകൊണ്ടാണ് അവർ സ്വതന്ത്രരായി നിൽക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ലോകായുക്ത നിയമത്തിലെ ഭേദഗതി അനിവാര്യമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഐഎം. സിപിഐയുടെ വിയോജിപ്പ് ചർച്ച ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. മുന്നണിയിൽ ഇക്കാര്യത്തിൽ പ്രതിസന്ധിയില്ല. മന്ത്രിസഭയിൽ ഓർഡിനൻസ് വന്നപ്പോൾ ആരും എതിർത്തില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് അനുകൂലമായ ലോകായുക്ത വിധിയെ സ്വാഗതം ചെയ്ത കോടിയേരി, സിപിഎം ലോകായുക്തക്ക് എതിരല്ലെന്ന് വ്യക്തമാക്കി. ലോകായുക്തയുടെ മുന്നിൽ വരുന്ന കേസുകൾ ഒഴിവാക്കാനുള്ള യാതൊരു ഭേദഗതിയും സർക്കാർ കൊണ്ടുവരില്ല. ഗവൺമെന്റും ഗവർണറും തമ്മിൽ യാതൊരു പ്രശ്നവുമില്ല. ഗവർണർ നിയമാനുസൃതമായി കാര്യങ്ങൾ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കോടിയേരി പറഞ്ഞു.

Next Story