Top

കെവി തോമസ് അഭിമുഖം: സാന്നിധ്യം പ്രധാനം, ദേശീയ സമ്മേളനം കൂടെ നിര്‍ത്തേണ്ട പാര്‍ട്ടിയുടേത്

സെമിനാറില്‍ പങ്കെടുക്കുന്നവരുടേതായി സിപിഐഎം ഏറ്റവുമൊടുവില്‍ പുറത്തുവിട്ട പട്ടികയില്‍ കെവി തോമസിന്റെ പേരുണ്ട്. വിവാദങ്ങള്‍ക്കിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുന്നു

5 April 2022 3:50 PM GMT
ആർ രോഷിപാൽ

കെവി തോമസ് അഭിമുഖം: സാന്നിധ്യം പ്രധാനം, ദേശീയ സമ്മേളനം കൂടെ നിര്‍ത്തേണ്ട പാര്‍ട്ടിയുടേത്
X

സിപിഐഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ പതാക ഉയരുന്നതിന് മുന്നേ തുടങ്ങിയ വിവാദങ്ങളിലൊന്നാണ് അനുബന്ധ സെമിനാറുകളിലെ ഇതര പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യം. പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസ്, കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ സര്‍വ്വ സന്നാഹങ്ങളുമായി നേരിടുന്നതിനിടെ, നേതാക്കള്‍ സിപിഐഎം പരിപാടിയില്‍ പങ്കെടുക്കുന്നതിനെ എതിര്‍ക്കുകയാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന് കെ സുധാകരന്റെ മുന്നറിയിപ്പിന് തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നും മടങ്ങേണ്ടി വന്നു. 'ശശി തരൂരും കെവി തോമസും പങ്കെടുക്കുമോ? എങ്കില്‍ എന്ത് സംഭവിക്കും?' എന്നാണ് കേരള രാഷ്ട്രീയം ഇപ്പോള്‍ ആകാംഷയോടെ നോക്കുന്നത്. സെമിനാറില്‍ പങ്കെടുക്കുന്നവരുടേതായി സിപിഐഎം ഏറ്റവുമൊടുവില്‍ പുറത്തുവിട്ട പട്ടികയില്‍ കെവി തോമസിന്റെ പേരുണ്ട്. വിവാദങ്ങള്‍ക്കിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുന്നു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസിന്റെ സാന്നിധ്യമുണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം?

കുറച്ചുനേരം കൂടി കാത്തിരിക്കൂ. ഞാന്‍ ഉന്നയിച്ച വിഷയം ആരും മനസിലാക്കിയില്ല. അതാണ് പ്രശ്‌നം. 2024ല്‍ പൊതുതെരഞ്ഞെടുപ്പ് വരികയാണ്. ബിജെപിയുടെ തീവ്ര വര്‍ഗീയതയെ എതിരിട്ട് മുന്നോട്ടുപോകണമെന്ന് നമുക്ക് ആഗ്രഹമുണ്ട്. കോണ്‍ഗ്രസാണ് അത് നയിക്കേണ്ടത്. ഇടതുപാര്‍ട്ടികളേയും എന്‍സിപിയേയും ഉള്‍പ്പെടെ കോണ്‍ഗ്രസ് കൂടെ നിര്‍ത്തേണ്ടതുണ്ട്. അങ്ങനെ ഒപ്പം നിര്‍ത്തേണ്ട പാര്‍ട്ടിയുടെ ദേശീയ സമ്മേളനം നടക്കുന്നു. എന്നെ വിളിച്ചിരിക്കുന്നത് ദേശീയ സമ്മേളനത്തിലേക്കല്ല, സെമിനാറിലേക്കാണ്. എന്നേയും ശശി തരൂരിനേയും വിളിച്ചത് വ്യക്തികളെന്ന നിലയിലാണ്. പാര്‍ട്ടി പ്രതിനിധികളായിട്ടല്ല. 'കേന്ദ്രസംസ്ഥാന ബന്ധം' ആണ് എനിക്ക് ലഭിച്ചിരിക്കുന്ന വിഷയം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് വലിയ പ്രാധാന്യമുണ്ട്. അവിടെ പോയി നമ്മുടെ അഭിപ്രായം പറയേണ്ട എന്നാണോ? എനിക്കറിയില്ല.

ആ വിഷയത്തില്‍ ഒരു കോണ്‍ഗ്രസ് പ്രതിനിധിക്ക് അഭിപ്രായം പറയാവുന്നത് തന്നെയല്ലേ?

എന്നെ വിളിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായിട്ടല്ല. കെവി തോമസിനെ തന്നെയാണ് അവര്‍ വിളിച്ചത്. ശശി തരൂരിനെ വിളിച്ചത് ശശി തരൂരായിട്ടാണ്. എംകെ സ്റ്റാലിനെ വിളിക്കുന്നത് സ്റ്റാലിന്‍ എന്ന നിലയിലാണ്. അതാണ് ചോദിച്ചത് ഞാന്‍ എന്തുവേണമെന്ന്. സോണിയാ ഗാന്ധിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്നു. എന്നെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.

പങ്കെടുക്കുന്നതിലെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചോ?

അത് നേതൃത്വം മനസിലാക്കുന്നില്ലെങ്കില്‍ നമുക്കെന്ത് ചെയ്യാന്‍ കഴിയും.

ഔദ്യോഗിക നിര്‍ദ്ദേശം ലഭിച്ചോ?

ഇല്ല. കെസി വേണുഗോപാല്‍ എന്നെ വിളിച്ചു. സോണിയാജി പറഞ്ഞ ചില കാര്യങ്ങള്‍ പങ്കുവെച്ചു. അത് പക്ഷെ, മാധ്യമങ്ങളോട് പറയാന്‍ പറ്റില്ല. പറയേണ്ടതെല്ലാം നേതൃത്വത്തെ അറിയിച്ചുണ്ട്. ഉടനേ പിടിച്ച് പുറത്താക്കുമെന്നൊക്കെയാണ് കെ സുധാകരന്‍ പറയുന്നത്. അതല്ലല്ലോ പരിഹാരം.

താങ്കള്‍ എന്ത് തീരുമാനമാണ് എടുത്തിരിക്കുന്നത്?

ഞാന്‍ അല്ലല്ലോ തീരുമാനം എടുക്കേണ്ടത്. രണ്ടു കൂട്ടരോടും ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ കുറച്ചൂടെ വിവരത്തോടേയും കാര്യഗൗരവത്തോടേയും മനസിലാക്കുന്നത് സിപിഐഎം നേതൃത്വമാണ്. കാരണം അവിടെ ഒരാള്‍ മാത്രമല്ല സംസാരിക്കുന്നത്. കോണ്‍ഗ്രസില്‍ ആരാണ് തീരുമാനമെടുക്കുന്നത് നിങ്ങള്‍ക്കറിയാം. എന്ത് ചെയ്യാന്‍ പറ്റും? വരട്ടെ. അത്രേയുള്ളൂ. ഒരു സങ്കടമേയുള്ളൂ, ഞാന്‍ വിവാദകേന്ദ്രമാകാന്‍ ആഗ്രഹിച്ചയാളല്ല. എന്നെ വിളിച്ചു, അപ്പോള്‍ തന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

പാര്‍ട്ടി തീരുമാനത്തെ ധിക്കരിച്ച് ഒരു നിലപാട് ഉണ്ടാകുമോ?

അത് വരട്ടെ, എന്താണ് തീരുമാനമെന്ന് അറിയട്ടെ. അതിന് ശേഷം ഞാന്‍ തീരുമാനിക്കും.

അനുകൂല നിലപാട് അല്ലെങ്കില്‍?

അത് അപ്പോള്‍ ആലോചിക്കാം. ആലോചിക്കാന്‍ ആളുകള്‍ ഉണ്ടല്ലോ. ഞാന്‍ തനിച്ച് അല്ലല്ലോ.

വ്യക്തിപരമായി ഈ നിലപാടിനോട് എതിര്‍പ്പുണ്ടല്ലേ?

അത് ഞാന്‍ ഇപ്പോള്‍ പറയുന്നത് ശരിയല്ലല്ലോ. കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം വരട്ടെ. പറയേണ്ട സമയത്ത് ഞാന്‍ പറയാം.

ഏപ്രില്‍ എട്ടിന് മുന്‍പ് തീരുമാനമുണ്ടാകുമോ?

തീര്‍ച്ചയായും. എട്ടാം തീയതിക്ക് മുന്‍പ് ഞാന്‍ എന്റെ നിലപാട് പറയും. ഏഴാം തീയതി വ്യക്തമാക്കും.

STORY HIGHLIGHTS: Congress leader KV Thomas Interview about 23rd CPIM Party Congress Seminar Participation

Next Story